മരട്: മരട് നഗരസഭയിലെ അഞ്ചുതൈക്കൽ ബണ്ട് തോടിൻെറ കൈയേറ്റം അധികൃതർക്ക് ഒഴിപ്പിക്കാനായില്ല. കൈയേറ്റം പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകുന്നതായും മാലിന്യം നിറഞ്ഞ തോടിൻെറ ഇന്നത്തെ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. തോടിൻെറ ഇരുവശവും ഭൂമാഫിയയുടെ കൈയേറ്റങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതായും നാട്ടുകാർ പറയുന്നു. സർക്കാർ തോട് സംരക്ഷിക്കേണ്ട ലോക്കൽ അതോറിറ്റിയായ വില്ലേജ് ഓഫിസിലും നഗരസഭയിലും നാട്ടുകാർ രേഖാമൂലം വിവരം അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർക്ക് വിവരം ബോധ്യമുള്ളതാണെന്നും നാട്ടുകാർ പറയുന്നു. തോടിൻെറ ശരിയായ വീതി ധനുഷ്കോടി ഹൈവേയുടെ പ്രവേശന ഭാഗത്ത് 9.60 മീറ്ററും പിന്നീടങ്ങോട്ട് 13 മീറ്റർ, 11 മീറ്റർ എന്നിങ്ങനെയാണ് റീസർവേ റെക്കോഡ് പ്രകാരം വേണ്ടത്. എന്നാൽ, ഇന്നത്തെ തോടിൻെറ വീതി ആറ് മീറ്റർ, അഞ്ച് മീറ്റർ എന്നിങ്ങനെ കുറഞ്ഞു. ഇവിടെ സൻെറിന് 15 ലക്ഷം രൂപ വിലയുണ്ട്. ഈ പുറമ്പോക്ക് തോടിൻെറ 80 സൻെറ് സ്ഥലം കൈയേറ്റത്തിൽ നഷ്ടപ്പെട്ടതായാണ് തോട് സംരക്ഷണസമിതിയുടെ വിലയിരുത്തൽ. തോട്ടിൽനിന്ന് കവർന്നെടുത്ത ബാക്കി ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി, സർക്കാർ തോടിൻെറ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ നാട്ടുകാർ രൂപം നൽകിയ ജനകീയസമിതി സമരം ശക്തമാക്കി മുന്നിട്ടിറങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ഇവിടെയുള്ള തോടിൻെറ ശരിയായ വീതി ഉടൻ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കൈയേറ്റം മൂലം ഇല്ലാതായ അയിനി തോടിൻെറ അവസ്ഥയായിരിക്കും അഞ്ചുതൈക്കൽ ബണ്ട് തോടിനും വരുകയെന്നും ജനകീയസമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.