കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ ഘർവാപസി പീഡന കേന്ദ്രം പേരുമാറ്റി വീണ്ടും പ്രവർത്തനം ആരംഭിച്ചു. മുമ്പ് കണ്ടനാ ട് ആർഷ വിദ്യാകേന്ദ്രം എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ചൂരക്കാടാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സാധന ശക്തികേന്ദ്രം എന്നാണ് പുതിയ പേര്. കേന്ദ്രത്തിൽനിന്ന് കഴിഞ്ഞദിവസം പാലക്കാട് സ്വദേശിയായ പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവങ്ങൾ പുറംലോകമറിയുന്നത്. മതപരിവർത്തനം തടയാൻ യുവതിയെ കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു. ഇവിടെനിന്ന് യുവതി ഇറങ്ങി ഓടിയതോടെ പരിസരവാസികളായ സ്ത്രീകളടക്കമെത്തി തടഞ്ഞുനിർത്തി പൊലീസിനെ അറിയിച്ചു. ഇതിനിടെ, കേന്ദ്രത്തിൻെറ നടത്തിപ്പുകാരും മറ്റ് യുവതികളും ചേർന്ന് ബലം പ്രയോഗിച്ച് യുവതിയെ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ അനുവദിച്ചില്ല. സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും വീട്ടുകാരെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയൊന്നും ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം. ചൂരക്കാട്ട് രണ്ട് ഇരുനില കെട്ടിടങ്ങൾ വാടകക്കെടുത്താണ് സ്ഥാപനത്തിൻെറ പ്രവർത്തനം. രാത്രികാലങ്ങളിലടക്കം നിരവധി വാഹനങ്ങളിൽ ആളുകൾ ഇവിടെ വന്നുപോകുന്നതായി നാട്ടുകാർ പറയുന്നു. മുമ്പ് കണ്ടനാട് പ്രവർത്തിച്ചിരുന്ന വിവാദ സ്ഥാപനത്തിലെ അതേ ആളുകൾതന്നെയാണ് സാധന ശക്തികേന്ദ്രത്തിൻെറയും പിന്നിൽ. മുമ്പ് നടത്തിപ്പുകാരനായിരുന്ന മനോജ് ഗുരുജിെയന്നയാളുടെ നേതൃത്വത്തിലാണ് ഇപ്പോഴും പ്രവർത്തനം. നാൽപത്തിരണ്ടോളം പെൺകുട്ടികളാണ് 2017ൽ ആർഷ വിദ്യാകേന്ദ്രം എന്ന പേരിൽ കണ്ടനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെക്കുറിച്ച് പുറത്തുവന്ന് വെളിപ്പെടുത്തിയത്. തുടർന്ന് കേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ചൂരക്കാട്ടെ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും വിശദ അന്വേഷണം വേണ്ട സംഭവമാണിതെന്നും എം. സ്വരാജ് എം.എല്‍.എ പറഞ്ഞു. കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.