കാത്തിരിപ്പിനൊടുവില്‍ മാര്‍ക്കറ്റ് റോഡ് നവീകരണം പൂര്‍ത്തിയായി

മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എവറസ്റ്റ് ജങ്ഷന്‍-കാവുങ്കര മാര്‍ക്കറ്റ് ബസ് സ്്റ്റാൻറ് റോഡ ് നവീകരണം യാഥാർഥ്യമായി. പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം യാഥാർഥ്യമാക്കിയത്. കോതമംഗലം-മൂവാറ്റുപുഴ റോഡിലെ എവറസ്റ്റ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് കാവുങ്കര മാര്‍ക്കറ്റ് ബസ് സ്റ്റാൻറ് വരെയുള്ള റോഡും ചന്തക്കടവ് റോഡും സെന്‍ട്രല്‍ ജുമാമസ്ജിദ് റോഡും ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ് പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം റോഡിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെ ഓടകള്‍ ആഴംകൂട്ടി നവീകരിച്ചു. മൂവാറ്റുപുഴയിലെ പഴക്കംചെന്ന റോഡുകളിലൊന്നാണിത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുപുറമേ നിരവധി കുടുംബങ്ങളും ഇവിടെ തിങ്ങിത്താമസിക്കുന്നുണ്ട്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിൻെറ സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഈ റോഡിൻെറ നവീകരണം അനന്തമായി നീളുകയായിരുന്നു. കാല്‍നടപോലും ദുസ്സഹമായ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. മൂവാറ്റുപുഴ-കോതമംഗലം റോഡിൻെറ സമാന്തര റോഡെന്ന നിലയിലും റോഡിന് പ്രാധാന്യമുണ്ട്. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങളും ബസുകളും ഈ റോഡിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് എത്തുന്നത്. ഇതുകൂടാതെ തൊടുപുഴ, പിറവം ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കാവുങ്കര ബസ് സ്റ്റാൻറില്‍നിന്ന് ഇതിലൂടെയാണ് മൂവാറ്റുപുഴ ടൗണിലേക്ക് പ്രവേശിക്കുന്നത്. ഈ റോഡിൻെറ ഭാഗമായ റോട്ടറി റോഡിൻെറ പുനര്‍നിര്‍മാണത്തിന് നഗരസഭ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. റോഡ് നവീകരണം പൂര്‍ത്തിയായതോടെ മധ്യകേരളത്തിലെ പുരാതന മാര്‍ക്കറ്റുകളിലൊന്നായ കാവുങ്കരയുടെ വികസനത്തില്‍ വഴിത്തിരിവാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം കാവുങ്കര മാര്‍ക്കറ്റ് ബസ് സ്്റ്റാൻറിൻെറയും ഇവിടുത്തെ വ്യാപാരമേഖലയുടെയും പ്രവര്‍ത്തനം ഇതോടെ സജീവമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.