ചാരുംമൂട്: തെരുവുകൾ നായ്ക്കള്‍ കൈയടക്കിയതോടെ ജനം പുറത്തിറങ്ങുന്നത് ഭയപ്പാടില്‍. താമരക്കുളം, നൂറനാട്, ചുനക്കര, പാലമേൽ ഗ്രാമപഞ്ചായത്തുകളിലാണ് തെരുവുനായ് ശല്യം രൂക്ഷം. ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യം തെരുവോരങ്ങളില്‍ തള്ളുന്നതാണ് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. കോഴിക്കടകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത്. ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്‌കരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും റോഡരികുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ പെറ്റുപെരുകുന്നതോടെ ഇത്തരം പ്രദേശങ്ങൾ തെരുവുനായ് സങ്കേതമായി മാറുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കള്‍ ഇത്തരം പ്രദേശങ്ങളിൽ വിഹരിക്കുന്നത്. രാത്രി നായുടെ ആക്രമണം ഭയന്ന് പലരും പുറത്തിറങ്ങാറില്ല. അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍ ഭീഷണിയിലാണ്. കൂട്ടമായി എത്തുന്ന നായ്ക്കൾ വീടുകളിലെ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നുതിന്നുന്നതും പതിവാണ്. റോഡിൽ നായ്ക്കളെ ഇടിച്ച് നിരവധി ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ സംഭവങ്ങളും നിരവധിയാണ്. കഴിഞ്ഞദിവസം വീട്ടിലേക്ക് സ്കൂട്ടറിൽ പോയയാൾ റോഡിനുകുറുകെ ചാടിയ നായെ ഇടിച്ചുവീണ് ചികിത്സയിൽ കഴിയവേ മരിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ് പിഞ്ചുകുഞ്ഞടക്കം നൂറനാട് മറ്റപ്പള്ളിയിൽ നിരവധി പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. താമരക്കുളം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലും മാർക്കറ്റിലും ഉള്‍പ്പെടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായി ആശുപത്രി അധികൃതരും സമ്മതിക്കുന്നു. പാലമേൽ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളിലും മറ്റ് ഇടറോഡുകളിലുമെല്ലാം നായ് ശല്യം ഏറിയതായി നാട്ടുകാര്‍ പറയുന്നു. വിദ്യാലയങ്ങളിലേക്കും അംഗൻവാടികളിലേക്കും മറ്റും പോകുന്ന കുട്ടികളടക്കമുള്ളവർ വൻ ഭീഷണിയാണ് നേരിടുന്നത്. താമരക്കുളം മാധവപുരം മാർക്കറ്റ്, ചാവടി, വേടരപ്ലാവ്, ചാരുംമൂട് ജങ്ഷൻ, ചുനക്കര തെരുവുമുക്ക്, കോട്ടമുക്ക്, ക്ഷേത്ര ജങ്ഷൻ, പടനിലം, മുതുകാട്ടുകര, കെ.ഐ.പി കനാൽ റോഡ്, എരുമക്കുഴിചന്ത, കാവുംപാട്, കെ.പി റോഡിലെ ഭഗവതി അയ്യത്ത് മുക്ക്, പാറ ജങ്ഷൻ, ആദിക്കാട്ടുകുളങ്ങര, പയ്യനല്ലൂർ, പണയിൽ, നൂറനാട് ലെപ്രസി സാനിറ്റോറിയം, പാലമേൽ, ഇടപ്പോൺ, മാമ്മൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷം. പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിരം പല്ലവി തുടങ്ങിയിട്ട് വർഷങ്ങളായി. മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.