ചെങ്ങന്നൂർ: രാവിലെ മുതൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷം പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട ്ടെങ്കിലും യന്ത്രത്തകരാറും വൈദ്യുതിത്തകരാറും കാരണം പലയിടത്തും വോട്ടെടുപ്പിന് കാത്തുനിൽക്കേണ്ടിവന്നത് മണിക്കുറുകൾ. കൊല്ലകടവ് ഗവ. മുഹമ്മദൻസ് യു.പി സ്കൂൾ, ചെറിയനാട് ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ, മുറിയായിക്കര ഗവ. ജെ.ബി.എസ്, മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാരക്കാട് എസ്.വി.എച്ച്.എസ്, പിരളശ്ശേരി ഗവ. എൽ.പി.എസ്, തിരുവൻവണ്ടൂർ ഗവ. ഹൈസ്കൂൾ, ഇരമല്ലിക്കര ഹിന്ദു യു.പി.എസ് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. അര മണിക്കൂർ വരെ വൈകി വോട്ടെടുപ്പ് ആരംഭിച്ച ഈ ബൂത്തുകളിൽ തുടർന്ന് കനത്ത പോളിങ് തന്നെ നടന്നു. വോട്ടെടുപ്പ് അവസാനിക്കേണ്ട ആറ് കഴിഞ്ഞും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. പുലിയൂർ ഗവ. ഹൈസ്കൂളിൽ അവസാനവോട്ട് രേഖപ്പെടുത്തുമ്പോൾ സമയം ആറരയോടടുത്തു. പൊതുവെ കാര്യമായ പരാതി ഉയരാതെ സമാധാനപരമായ വോട്ടെടുപ്പായിരുന്നു ഇത്തവണത്തേതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 62ാം നമ്പർ ബൂത്തിലെ ആദ്യ വോട്ട് ചെയ്തപ്പോൾ വിവിപാറ്റ് പ്രവർത്തിച്ചില്ല. ഇതോടെ വോട്ടെടുപ്പ് രണ്ടുമണിക്കൂർ തടസ്സപ്പെട്ടു. പുതിയ വിവി പാറ്റ് എത്തിച്ച് ഒമ്പതോടെ വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെങ്ങന്നൂർ മുണ്ടൻകാവ് ഗവ. ജെ.ബി സ്കൂളിലെ 47, 48 ബുത്തുകളിലും അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65ാം നമ്പർ ബൂത്തിലും യന്ത്രം തകരാറിലായി അര മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. മാന്നാറിലെ ജൂനിയർ ബേസിക് സ്കൂളിലെ 15ാം നമ്പർ ബൂത്തിലെ വിവിപാറ്റ് വൈകീട്ട് 5.15 ഓടെ തകരാറിലായി. ഇതേതുടർന്ന് വനിതകളടക്കം 40ൽ പരം വോട്ടർമാർക്ക് അര മണിക്കൂറിലധികം കാത്തുനിൽക്കേണ്ടിവന്നു. രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രായോഗിക പരിചയക്കുറവുമൂലം അരമണിക്കൂർ വൈകിയണ് പോളിങ് തുടങ്ങാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.