ബൂത്തുകൾ ഒരുങ്ങി; പോളിങ്​ ഉപകരണ വിതരണം പൂർത്തിയായി

മൂവാറ്റുപുഴ: പോളിങ് ഉപകരണങ്ങൾ വിതരണം ചെയ്തു. ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽ പെടുന്ന മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലെ പോളിങ് ഉപകരണങ്ങളുടെ വിതരണം തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായി. ഉപകരണങ്ങൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വൈകീട്ടോടെ തന്നെ പോളിങ് സ്റ്റേഷനുകളുടെ ക്രമീകരണമടക്കം പൂർത്തിയാക്കി. ഇന്നലെ രാവിലെ എട്ടരയോടെ തന്നെ ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചിരുന്നു. ഒരു മണിയോടെ വിതരണം പൂർത്തിയാക്കി. മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ, നിർമല ജൂനിയർ സ്കൂൾ എന്നിവിടങ്ങളിൽ പ്രത്യേകം തയാറാക്കിയ കൗണ്ടറുകൾ വഴിയാണ് ഉപകരണ വിതരണം നടത്തിയത്. മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ 153 ബൂത്തുകളിലേക്കുള്ള ഉപകരണ വിതരണം നിർമല ഹൈസ്കൂളിൽനിന്നും, പിറവം മണ്ഡലത്തിലെ 166 ബൂത്തുകളിലേക്കുള്ളവ നിർമല ജൂനിയർ സ്കൂളിൽ നിന്നുമാണ് വിതരണം ചെയ്തത്. രണ്ടിടത്തും 14 കൗണ്ടറുകൾ വീതം സ്ഥാപിച്ചായിരുന്നു വിതരണം. ഇവിടെനിന്നും വോട്ടുയന്ത്രം, വിവി പാറ്റ് മെഷീൻ തുടങ്ങി മൊട്ടുസൂചി, നൂൽ, അരക്ക് തുടങ്ങി 63ഒാളം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വി.വി പാറ്റ് മെഷീൻ ആദ്യമായാണ് എത്തുന്നത്. ഇതിനു പുറമെ ഇലക്ഷനുമായി ബന്ധപ്പെട്ട് പോൾ മാനേജർ എന്ന ആപ്പ് സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്. ഓരോ ബൂത്തുകളിലേക്കും പ്രിസൈഡിങ് ഓഫിസർ അടക്കം നാല് ഉദ്യോഗസ്ഥൻമാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരാണ് ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തി ഏറ്റുവാങ്ങിയത്. ഉദ്യോഗസ്ഥർക്കും മറ്റും പോളിങ് ഉപകരണങ്ങളുമായി അതത് ബൂത്തുകളിലേക്ക് പോകാൻ 79 ബസുകളും ഏർപ്പെടുത്തിയിരുന്നു. പിറവം മണ്ഡലത്തിലേക്ക് 43 ബസുകളും, മൂവാറ്റുപുഴക്ക് 36 ബസുകളുമാണ് ഉണ്ടായിരുന്നത്. അസി. റിട്ടേണിങ് ഓഫിസർ കൂടിയായ മൂവാറ്റുപുഴ ആർ.ഡി.ഒ ആശാ എബ്രഹാമിൻെറ നേതൃത്വത്തിലുള്ള 200 ഓളം ഉദ്യോഗസ്ഥൻമാരാണ് ഉപകരണ വിതരണത്തിനുണ്ടായിരുന്നത്. പോളിങ് ബൂത്തുകളില്‍ റിട്ടേണിങ് ഓഫിസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ക്കും എെന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ പകരം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി പരിശീലനം ലഭിച്ച 30ഓളം പേരെ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ബൂത്തായ നിര്‍മല ജൂനിയര്‍ സ്‌കൂളിലെ 50ാം ബൂത്തില്‍ വനിത ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.