സുരക്ഷിതമായി മടങ്ങിയെത്താനായതിൻെറ ആശ്വാസത്തിൽ പ്രദീപും സംഘവും നെടുമ്പാശ്ശേരി: കൊളംബോയിൽ സ്ഫോടനം ഉണ്ടാക്ക ിയ ഭയാശങ്കകളിൽനിന്ന് സുരക്ഷിതമായി നാട്ടിൽ മടങ്ങിയെത്താനായതിൻെറ ആശ്വാസത്തിൽ എറണാകുളം സ്വദേശി പ്രദീപും സംഘവും. ഉഗ്രസ്ഫോടനം നടന്ന കൊളംബോ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. സഹോദരനും മാതാവുമടക്കം പത്തുപേരായിരുന്നു സംഘത്തിൽ. നേരേത്ത നിശ്ചയിച്ച പ്രകാരം 20ന് ഉച്ചയോടെയാണ് കൊളംബോയിലെത്തിയത്. സ്ഫോടനം നടന്ന ആഡംബരഹോട്ടലുകളിൽനിന്ന് ഏറെ അകലെയല്ലാതായിരുന്നു താമസം. രാത്രിവിശ്രമത്തിനുശേഷം രാവിലെ കൊളംബോ നഗരം സന്ദർശനത്തിന് പോകുന്നതിന് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ഫോടന ശബ്ദം കേട്ടത്. പരിസരത്ത് ധാരാളം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നതിനാൽ അവിടന്നുള്ള ശബ്ദമാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് തങ്ങളെ സഹായിക്കാനായി ഗൈഡ് എത്തിയപ്പോഴാണ് ബോംബുസ്ഫോടനങ്ങളുടെ വിവരമറിഞ്ഞത്. അതോടെ എല്ലാവർക്കും ഭയമായി. ഗൈഡും നന്നേ ഭയന്നെങ്കിലും യാത്ര പോകാമെന്ന് ധാരണയായി. വാഹനത്തിൽ കയറി പോകാനൊരുങ്ങവേ പൊലീസ് തടഞ്ഞു. യാത്ര ഒഴിവാക്കണമെന്നും ഹോട്ടലിലേക്ക് മടങ്ങണമെന്നും നിർദേശിച്ചു. മനസ്സില്ലാ മനസ്സോടെ ഹോട്ടലിലേക്ക് മടങ്ങി. സന്ദർശനം മതിയാക്കി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഗൈഡിൻെറ നിർദേശം. എന്നാൽ, നിരവധി സ്ഥലത്ത് സ്ഫോടനങ്ങളുണ്ടായതിനാൽ അപ്പോൾ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ നിലപാട്. നാട്ടിൽ നിന്നുള്ള സമ്മർദം മൂലം മടങ്ങാൻ തീരുമാനിച്ചു. വൈകീട്ടോടെ വാഹനത്തിൽ വിമാനത്താവളത്തിൽ എത്തി. നാടുകളിലേക്ക് മടങ്ങാനുള്ളവരുടെ തിരക്കായിരുന്നു അവിടെ. യാത്ര പറയാൻ ഗൈഡിനെ വിളിച്ചപ്പോൾ നഗരത്തിലെങ്ങും കർഫ്യൂ പ്രഖ്യാപിച്ചെന്നും ആരും പുറത്തിറങ്ങുന്നില്ലെന്നും മനസ്സിലായി. നാട്ടിൽ ജീവനോടെ തിരിച്ചെത്തിയതിൻെറ സന്തോഷത്തിലായിരുന്നു സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.