ചെറായിയില്‍ സംഘര്‍ഷാവസ്ഥ

വൈപ്പിന്‍: ചെറായി ദേവസ്വംനട, വൈപ്പിന്‍ ഗോശ്രീകവല എന്നിവടങ്ങളിലടക്കം പ്രധാന കവലകളില്‍ ഞായറാഴ്ച മൂന്ന് മുന്നണികളിലെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരസ്പരം മത്സരിച്ച കൊട്ടിക്കലാശം അരങ്ങേറി. ഞാറക്കല്‍ ആശുപത്രിപ്പടി, നായരമ്പലം മാര്‍ക്കറ്റ്, എടവനക്കാട് പഴങ്ങാട്, വാച്ചാക്കല്‍, കുഴുപ്പിള്ളി പള്ളത്താംകുളങ്ങരെ തുടങ്ങി തെരുവുകളിലും യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണി പ്രവര്‍ത്തകരുടെ കലാശപോരാട്ടം അരങ്ങേറി. ഉച്ചയോടെ കവലയിലും ഇരുവശങ്ങളിലെയും കെട്ടിടങ്ങൾക്ക് മുകളിലുമായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. ദീര്‍ഘനേരം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊട്ടിക്കലാശ കേളികൊട്ടിൻെറ ജില്ലയിലെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്ന ചെറായി ദേവസ്വംനടയില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറും ബൂത്ത് പ്രസിഡൻറുമടക്കം മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മണ്ഡലം പ്രസിഡൻറ് രാജേഷ് ചിദംബരം (31), ചെറായി ബീച്ച് അല്ലപ്പറമ്പില്‍ ശിവന്‍ (54), 13ാം നമ്പര്‍ ബൂത്ത് പ്രസിഡൻറ് ചെറായി തൈപ്പറമ്പില്‍ ടി.വി. സിബിരാജ് (മുത്തു -46) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രാജേഷും ശിവനും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വൈകീട്ട് നാലോടെയായിരുന്നു സംഭവം. മുനമ്പം പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സി.പി.എം പ്രവര്‍ത്തകര്‍ സാമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതായി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എം.ജെ. ടോമി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.