സാജു പാകുന്നു, നന്മയുടെ വിത്തുകൾ

ആലുവ: വരുംതലമുറക്കായി ഭൂമി ഹരിതാഭമാക്കാൻ തന്നാലാവുന്ന പരിശ്രമത്തിലാണ് ആലുവ സ്വദേശി സാജു. ഇതിന് അദ്ദേഹം കണ്ടെത്തിയ രീതിയാകട്ടെ അൽപം വ്യത്യസ്തവും. കൊച്ചി മെട്രോയുെട തൂണുകൾക്കിടയിലെ മീഡിയനിൽ ഫലവൃക്ഷത്തൈകൾ നടുകയും വിത്തുകൾ പാകുകയുമാണ് ഇദ്ദേഹം. മെട്രോ സ്റ്റേഷൻ പരിസരവും സൗന്ദര്യവത്കരണം നടത്തിയ പ്രദേശങ്ങളും വൃക്ഷങ്ങൾകൊണ്ട് നിറക്കുകയാണ് ആലുവ സ്വകാര്യബസ് സ്‌റ്റാൻഡിന് സമീപം കളപറമ്പത്ത് വീട്ടിൽ സാജു കെ. പോളിൻെറ ലക്ഷ്യം. ആലുവ മുതൽ ഇടപ്പള്ളി വരെ മെട്രോ തൂണിനിടയിൽ 3500ഓളം വിത്തുകൾ പാകിക്കഴിഞ്ഞു. ആത്ത, മധുരനാരങ്ങ, ഞാവൽ, സീതപ്പഴം, ചെറി തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ആരോഗ്യസംരക്ഷണത്തി‍ൻെറ ഭാഗമായി നിത്യേന ആറുകി.മീ. സായാഹ്നങ്ങളിൽ നടക്കുന്ന പതിവ് സാജുവിനുണ്ട്. മണപ്പുറം നടപ്പാലത്തിലായിരുന്നു ആദ്യകാലത്തെ നടത്തം. പിന്നീട് മെട്രോ കടന്നുപോകുന്ന വഴികളിലൂടെയാക്കി. അതാണ് തൈകൾ നടാനുള്ള ആശയത്തിലെത്തിച്ചത്. ആദ്യം ആലുവയിൽനിന്ന് മൂന്നുകി.മീറ്ററോളം ദൂരത്തിൽ നട്ടു. പിന്നീടുള്ള ദിവസങ്ങളിൽ തലേദിവസം നട്ട് അവസാനിച്ചിടംവരെ ബസിന് പോകും. തുടർന്നുള്ള ഭാഗം മുതൽ മൂന്നുകി.മീറ്റർ വരെ നടന്ന് തൈകൾ നട്ട ശേഷം തിരികെ നടക്കുകയാണ് പതിവ്. ഇടപ്പള്ളിയിൽനിന്ന് മെട്രോ എത്തിനിൽക്കുന്നിടം വരെ തൈകളും വിത്തുകളും നടാനാണ് പദ്ധതി. വർഷാവർഷം കൂടിവരുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓരോരുത്തരും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കണമെന്ന് സാജു പറയുന്നു. വാഹനങ്ങളിൽനിന്ന് പുറത്തുവരുന്ന കാർബൺ ഡയോക്സൈഡി‍ൻെറ അളവ് കുറക്കാൻ മരങ്ങൾതന്നെ വേണമെന്നതുകൂടി കണക്കിലെടുത്താണ് മെട്രോയുടെ ചുവട്ടിൽ വൃക്ഷത്തൈകൾ നടുകയെന്ന ആശയത്തിലെത്തിയത്. വീടിനുമുകളിൽ ചെറിയ പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.