ഇത്​ വീട്ടുകാര്യമല്ല; ചില്ലറ കാര്യവുമല്ല

ആലപ്പുഴ: എല്ലാവരും വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഒക്കെ വർണശബള ക്ഷണക്കത്തുകൾ അച്ചടിച്ചിറക്കുന്ന കാലമാണ്. ക്ഷണക്കത്തുകളിലെ വൈവിധ്യങ്ങൾ പലപ്പോഴും വാർത്തയാകാറുമുണ്ട്. ഇത് തെരഞ്ഞെടുപ്പുകാലമാണ്. ഓരോ വീട്ടിലും രാഷ്ട്രീയപാർട്ടികളുടെ വിവിധ വർണത്തിെല പ്രചാരണ എഴുത്തുകൾ നിറയെ കിട്ടുന്ന സമയം. അതിനിടക്ക് വ്യത്യസ്തമാവുകയാണ് ഗൃഹപ്രവേശന കാർഡ്. എല്ലാ സിരകളിലും രാഷ്്ട്രീയം ഒഴുകുന്ന ഈ വേളയിൽ എങ്ങനെ ക്ഷണക്കത്തിനെ മാറ്റിനിർത്താനാകും. ആലപ്പുഴ പുന്നപ്ര പൈങ്ങാമഠം ഫാത്തിമ മഹലിൽ എം. ഹസനാണ് തൻെറ ഗൃഹപ്രവേശന ക്ഷണക്കത്ത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കിയത്. മേയ് നാലിന് നടക്കുന്ന ഗൃഹപ്രവേശനത്തിൻെറ ക്ഷണക്കത്ത് ലഭിക്കുന്നവർ ആദ്യമൊന്ന് അമ്പരക്കും. കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം. 'നമ്മൾ മൂല്യങ്ങളെ തിരിച്ചുപിടിക്കും, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ത്രിവർണത്തിൽ നൽകിയതിന് മുകളിലാണ് ഹസൻ ഗൃഹപ്രവേശത്തിന് ക്ഷണിച്ചത്. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിൻെറ വീണ്ടെടുപ്പിന് തന്നാലാവുന്നത് ചെയ്യാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്നും അതിനാലാണ് ഗൃഹപ്രവേശന ക്ഷണക്കത്തിൽ ഇത് ഉൾപ്പെടുത്തിയതെന്നും ഹസൻ പറയുന്നു. ഹസൻെറ ക്ഷണം സ്വീകരിച്ച രാഷ്ട്രീയപ്രതിയോഗികൾ ഇനി ഗൃഹപ്രവേശനത്തിന് എത്തുമോയെന്ന് മേയ് നാലുവരെ കാത്തിരുന്ന് കാണണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.