ഇവിടെ റാമിനും റഹീമിനും ജാതിയുടെ മതിൽക്കെട്ടുകളില്ല

അമ്പലപ്പുഴ: ജാതിയുടെ മതിൽക്കെട്ടുകളില്ലാത്ത പുതുമന ഇല്ലത്തിലെ കളിക്കൂട്ടുകാരൻെറ ഓർമകൾ പങ്കുവെച്ചപ്പോൾ ഹമീ ദിൻെറ കണ്ണുകളിൽ ഈറനണിഞ്ഞു. പുതുമന ഇല്ലത്തിലെ സന്തതസഹചാരിയായിരുന്നു അബ്ദുൽ ഹമീദും കുടുംബവുമെന്ന് നിറഞ്ഞപുഞ്ചിരിയോടെ ഓർമിക്കുന്നു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് 10 ാം വാർഡ് പുതുമനക്കളത്തിൽ ഹമീദിന് പുതുമന ഇല്ലവുമായുള്ള ബന്ധം ഏറെ കാലപ്പഴക്കം ചെന്നതാണ്. ആ ബന്ധം കാത്തുസൂക്ഷിച്ചുപോന്ന കണ്ണുകൾ അടഞ്ഞതിൻെറ ദുഃഖത്തിലാണ് ഹമീദ് ഇപ്പോൾ. തൻെറ ഉപ്പുപ്പക്കും കുടുംബത്തിനും കയറിക്കിടക്കാൻ ഒരിടമില്ലാതിരുന്നപ്പോൾ വീടുവെക്കാനായി ഇല്ലത്തോട് ചേർന്ന സ്ഥലം ചൂണ്ടിക്കാണിച്ചത് ഇല്ലത്തിലെ അച്ഛൻ നമ്പൂതിരിയാണ്. തെങ്ങും നെൽകൃഷിയും ചെയ്യാവുന്ന മൂന്ന് ഏക്കർ ഭൂമി. ഇവിടെ കൃഷി ചെയ്യാനും അനുമതി നൽകി. വർഷങ്ങളോളം അവിടെ തന്നെയായിരുന്നു താമസം. ഇതിനിടയിൽ തിരുമേനിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. ഒരുദിവസം കുടി ഒഴിഞ്ഞുകൊടുക്കണമെന്ന് പറഞ്ഞു. വർഷങ്ങളായി താമസിക്കുന്നതിനാൽ കുടി ഒഴിയില്ലെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതാണ് കാരണം. പിറ്റേന്ന് തിരുമേനി വരുമ്പോൾ ഉപ്പുപ്പയും കുടുംബവും കുടി ഒഴിഞ്ഞിരുന്നു. എന്നാൽ, അച്ഛൻ തിരുമേനി ആളെ അയച്ച് ഉപ്പുപ്പയെ ഇല്ലത്തേക്ക് വിളിപ്പിച്ചുവരുത്തി. ഇഷ്ടമുള്ള സ്ഥലത്ത് വീടുവെച്ചു താമസിക്കാനുള്ള അനുമതി നൽകി. ഒരു ഏക്കർ 20സൻെറ് സ്ഥലം ഉപ്പുപ്പയുടെ പേരിൽ എഴുതിക്കൊടുത്തു. വീടുവെക്കാനായി കുറച്ചുതുക കടമായും നൽകി. അവിടെ താമസമാക്കി എട്ട് മാസം കഴിഞ്ഞപ്പോഴേക്കും ഉപ്പുപ്പ മരിച്ചു. പിന്നെ വാപ്പയും സഹോദരങ്ങളും ഇല്ലവുമായുള്ള ബന്ധം തുടർന്നു. ഹമീദിൻെറയും സഹോദരങ്ങളുടെയും കുട്ടിക്കാലം ഇല്ലത്തെ ശ്രീധരൻ നമ്പൂതിരിയും സഹോദരങ്ങളോടും ഒപ്പമായിരുന്നു. ഊണും ഉറക്കവും എല്ലാം ഇല്ലത്തുതന്നെ. പശുക്കളുടെയും കൃഷി കാര്യങ്ങളിലുമൊക്കെ ഹമീദിൻെറ ശ്രദ്ധ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അമ്പലപ്പുഴയിൽ ഉത്സവം തുടങ്ങിയാൽ രാത്രിയും പകലും ഹമീദ് അവിടെ ഉണ്ടായിരിക്കണം. വിവാഹശേഷം വിദേശത്ത് ജോലി തേടിപ്പോയപ്പോഴാണ് ഹമീദിന് ഇല്ലവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. ജോലി മതിയാക്കി നാട്ടിൽ എത്തിയതിനുശേഷം ഇടയ്ക്കൊക്കെ ഇല്ലത്ത് പോകാറുണ്ടായിരുന്നു. വീടുവെക്കാൻ കടമായി നൽകിയ തുകയിൽ കുറച്ച് ബാക്കി ഉണ്ടായിരുന്നു. അതിനാണ് അവസാനമായി ഇല്ലത്തുപോകുന്നത്. അന്ന് ശ്രീധരൻ നമ്പൂതിരിയെ കാണാനായി ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ, തൻെറ പഴയകാല സുഹൃത്തിനെ കണ്ടപ്പോൾ എല്ലാം ഒഴിവാക്കി തന്നെ അടുത്തിരുത്തി അവിടെ ഉണ്ടായിരുന്നവരെ പരിചയപ്പെടുത്തി. വരവിൻെറ ഉദ്ദേശ്യം തിരക്കി. കുറച്ചുകടം ബാക്കി ഉണ്ടെന്നും അത് തീർക്കാനുള്ള അനുവാദം നൽകണമെന്നും പറഞ്ഞു. എത്രയുണ്ടെന്നും അതുകൊണ്ടുവന്നിട്ടുണ്ടെങ്കിൽ സ്വീകരിക്കാമെന്നും പറഞ്ഞു ഇരുകൈകളും നീട്ടി. പണം സ്വീകരിച്ചതിനു ശേഷം എങ്ങനെയാണ് വന്നതെന്ന് ചോദിച്ചു. ബസിലാണെന്ന് പറഞ്ഞപ്പോൾ ഒരാളെ വിളിച്ചുവരുത്തി ഹമീദിനെ വീട്ടിൽ എത്തിക്കാൻ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ കടം ഞാൻ സ്വീകരിച്ചെന്നും ഇത് തനിക്കിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കൊടുത്ത പണം എനിക്ക് തിരിച്ചുതന്നു. പുതുമനക്കളം വിറ്റതിനുശേഷം എല്ലാവരും മാറിയെങ്കിലും കുടുംബത്തിലെ അവസാന കാരണവരായ ഹമീദിനെ അറിയപ്പെടുന്നത് പുതുമനക്കളമെന്നാണ്. മക്കളെയും പിൻതലമുറക്കാരെ പരിചയപ്പെടുത്താൻ പലതവണ ആലോച്ചിച്ചതാണ്. വിഷുവിന് ആകാമെന്ന് മക്കൾ ഉറപ്പിച്ചിരുന്നതാണ്. പക്ഷെ ആകുമെന്നറിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ട് കണ്ണട ഊരി കൈയിലിരുന്ന തൂവാലകൊണ്ട് കണ്ണുകൾ തുടച്ച് ഹമീദിൻെറ ശബ്ദം ഇടറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.