കൊച്ചി: വേനൽക്കാലം കനത്തതോടെ ആളുകൾക്ക് പ്രിയം പഴങ്ങളോടാണ്. കടുത്ത ചൂടിൽനിന്ന് ശരീരത്തിന് ഒരു പരിധിവരെ ആശ്വാസം നൽകാൻ കഴിയുമെന്നതിനാലാണിത്. ആവശ്യക്കാർ കൂടിയതോടെ വിലയും ഉയർന്നുതുടങ്ങിയിട്ടുണ്ട്്. എന്നാൽ, ഇത് വിപണിയെ ബാധിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമാണ് മിക്ക പഴങ്ങളും എത്തുന്നത്. വേനൽക്കാലത്ത് ആളുകൾക്ക് താൽപര്യം തണ്ണിമത്തനോട് (കുമ്മട്ടി) തന്നെയാണ്. ആന്ധ്രപ്രദേശിലെ തണ്ണിമത്തനാണ് വിൽപന കൂടുതൽ. കിലോ 16 രൂപ മുതലാണ് വില. മധുരം കൂടുതലുള്ള കിരൺ ഇനത്തിനും ആവശ്യക്കാർ ഏറേയാണ്. കുരു കുറവുള്ള ഇവയുടെ വില 25 രൂപയാണ്. അകവും പുറവും മഞ്ഞനിറത്തിലുള്ള യെല്ലോ മെലനും സജീവമാണ്. വില അൽപം കൂടുതലാണ്. 40 രൂപ മുതലാണ് വില. പലതരം മുന്തിരികൾ വിപണിയിലുണ്ട്. ബംഗളൂരുവിൽനിന്ന് വരുന്ന കാലിഷ്, മഹാരാഷ്ട്രയിൽ നിന്നുള്ള ഷാങ്ളിൻ, കുരുവില്ലാത്ത ശരത്, കിസ്മിസ്, ദിൽകുഷ് തുടങ്ങിയവയാണ് താരങ്ങൾ. കാലിഷ് കിലോ 130ഉം ശരത്തിന് 120മാണ് വില. വില അൽപം കുറവായതിനാൽ കിസ്മിസിനും ദിൽകുഷിനും ആവശ്യക്കാർ ഏറേയാണ്. കിസ്മിസിന് 100ഉം ദിൽകുഷിന് 60 രൂപയുമാണ് വില. മഹാരാഷ്ട്രയിൽ നിന്നാണ് ഓറഞ്ച് എത്തിയിരുന്നത്. എന്നാൽ, സീസൺ കഴിഞ്ഞതോടെ രാജസ്ഥാനിൽ നിന്നാണ് വരവ്. 70 രൂപയാണ് വില. ഈജിപ്ത്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നും ഓറഞ്ച് എത്തുന്നുണ്ട്. വില അൽപം കൂടുതലാണെന്ന് മാത്രം. ഒരു കിലോ വിദേശ ഓറഞ്ചിന് 80 രൂപയിൽ അധികം നൽകണം. നാടൻ മാങ്ങ വിൽപനയും തകൃതിയാണ്. ചന്ദ്രക്കാരൻ, പ്രിയൂർ, മൂവാണ്ടൻ എന്നീ നാടൻ ഇനങ്ങളാണ് വിപണിയിലുള്ളത്. വേനലിൽ അൽപം ഡിമാൻഡ് കുറഞ്ഞെങ്കിലും ആപ്പിളും വിപണിയിലുണ്ട്. തുർക്കി, ഹോളണ്ട്, ഗ്രീസ്, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. കിലോക്ക് 160 മുതൽ 180 വരെയാണ് വില. മാതളം, ഷമാം, പപ്പായ, പൈനാപ്പിൾ എന്നിവക്കും ആവശ്യക്കാരുണ്ട്. മാതളം മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തുന്നത്. 80 മുതൽ 120 വരെ വിലയുണ്ട്. വേനലായതോടുകൂടി എല്ലാ പഴക്കടകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പൊട്ടു വെള്ളരി. കിലോ 40 രൂപയാണ് വില. അടുത്തമാസം റമദാൻ വ്രതം ആരംഭിക്കുന്നതോടെ പഴങ്ങളുടെ വില ഇനിയും ഉയർന്നേക്കും. ജൂൺ വരെ പഴവിപണി സജീവമായിരിക്കുമെന്ന് ഹൈകോടതിക്ക് സമീപം പഴക്കച്ചവടം നടത്തുന്ന ജലീൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.