സുമോയും ലോറിയും കൂട്ടിയിടിച്ച് ശബരിമല തീർഥാടകൻ മരിച്ചു

മൂവാറ്റുപുഴ: അപകടമേഖലയായ ആറൂരിൽ കണ്ണൂരിൽനിന്നുള്ള ശബരിമല തീർഥാടകസംഘം സഞ്ചരിച്ച സുമോ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം കാഞ്ഞിലേരി ബാലങ്കരിയിലെ കാണിയേരി രാജേഷാണ് (40) മരിച്ചത്. കാഞ്ഞിലേരി സ്വദേശികളായ റിജേഷ് (30), ധനേഷ് (30), മിഥുൻ ലാൽ (27) എന്നിവർക്കാണ് പരിക്കേറ്റത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിൽ ആറൂർ ചാന്ത്യം കവലയിലെ കനാൽ പാലത്തിൽ ബുധനാഴ്ച രാത്രി 12.30ഓടെയാണ് അപകടം. ശബരിമലയ്ക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടാറ്റാ സുമോ കാറിൽ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സുമോയുടെ സൈഡിൽ ഇരുന്ന സനീഷ് വാഹനത്തിൽനിന്ന് തെറിച്ച് സമീപത്തെ കനാലിൽ വീണു. വൻ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. തുടർന്ന്, അപകടത്തിൽപെട്ടവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആദ്യം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ സുമോ പൂർണമായും തകർന്നു. ബുധനാഴ്ചയാണ് സംഘം ശബരിമലയ്ക്ക് പുറപ്പെട്ടത്. രാജേഷ് കോൺക്രീറ്റ് തൊഴിലാളിയാണ്. പരേതനായ കാണിയേരി നാരായണൻെറയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: സത്യഭാമ (ചുഴലി). മക്കൾ: അനശ്വർ (ഒമ്പതാംതരം വിദ്യാർഥി, മടമ്പം മേരിലാൻഡ് ഹയർ സെക്കൻഡറി സ്കൂൾ), തീർഥ (ആറാംതരം വിദ്യാർഥിനി, വയക്കര ഗവ. യു.പി സ്കൂൾ). സഹോദരി: ശൈലജ. സംസ്കാരം പിന്നീട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.