കൊച്ചി: വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ച് ഒന്നായത് ജീവനക്കാരുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടാണെന്ന് ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജ്യന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആർ. ഗായത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ബാങ്ക് ഓഫ് ബറോഡക്ക് ഒമ്പതിനായിരത്തി അഞ്ഞൂറിലധികം ശാഖകളും 13,400 എ.ടിഎമ്മുകളുമുണ്ടാകും. മൊത്തം ബിസിനസ് 15ലക്ഷം കോടിയിലേറെയാണ്. ലയനം സംബന്ധിച്ച് മാര്‍ച്ച് 30നാണ് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്ത് ആദ്യമായാണ് മൂന്ന് ബാങ്ക് ലയിച്ച് ഒന്നാകുന്നത്. ഇതോടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ രണ്ടാം സ്ഥാനം ബാങ്ക് ഓഫ് ബറോഡക്ക് സ്വന്തമായി. വിജയാ ബാങ്കിൻെറയും ദേനാ ബാങ്കിൻെറയും എല്ലാ ശാഖകളും ഏപ്രില്‍ ഒന്നുമുതല്‍ ബാങ്ക് ഓഫ് ബറോഡ ശാഖകളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഇരു ബാങ്കുകളുടെയും ഇടപാടുകാരെയും ബാങ്ക് ഓഫ് ബറോഡയുടെ ഇടപാടുകാരായിട്ടാകും പരിഗണിക്കുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ലയന നടപടി പൂര്‍ത്തിയാവുന്നതോടെ ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാകുമെന്നും ഗായത്രി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായ സി.എച്ച്. രാജശേഖര്‍, ചീഫ് മാനേജര്‍ സി.വി. രാജന്‍ എന്നിവരും പങ്കെടുത്തു. കേരളത്തിൽ 258 ബ്രാഞ്ച് ലയിക്കും പ്രാഥമിക കണക്കുകൾ പ്രകാരം വിജയാ, ദേനാ ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കുന്നതോടെ കേരളത്തിൽ 258 ബ്രാഞ്ച് ഒന്നാകും. ബാങ്ക് ഓഫ് ബറോഡക്ക് 112ഉം വിജയാ ബാങ്കിന് 131 ഉം ദേനാ ബാങ്കിന് 16 ഉം ശാഖകളാണ് കേരളത്തിലുള്ളത്. മൂന്ന് ബാങ്കിനും കൂടുതൽ ശാഖകളുള്ളത് എറണാകുളം ജില്ലയിലാണ്. ബാങ്ക് ഓഫ് ബറോഡക്ക് 22ഉം വിജയാ ബാങ്കിന് 21ഉം ദേനാ ബാങ്കിന് ഏഴും ശാഖകൾ. ലയനത്തോടെ ബാങ്കുകളുടെ മാർക്കറ്റിങ് ഷെയറിൽ 3.06 ശതമാനത്തോളം വർധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ബാങ്ക് ഓഫ് ബറോഡക്ക് 1.56 ശതമാനവും വിജയാ ബാങ്കിന് 1.36 ഉം ദേനാ ബാങ്കിന് 0.15 ശതമാനവും വർധനയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.