ഫീസ്​ അടച്ചില്ലെന്ന കാരണത്താൽ വെയിലത്ത് നിർത്തിയ വിദ്യാർഥികൾ മനുഷ്യാവകാശ കമീഷന് മൊഴിനൽകി

കളമശ്ശേരി: ഫീസടച്ചില്ല എന്നുപറഞ്ഞ് രണ്ടാം ക്ലാസ് വിദ്യാർഥികളെ സ്വകാര്യസ്കൂൾ അധികൃതർ പരീക്ഷ എഴുതിക്കാതെ വെയി ലത്ത് നിർത്തിയ സംഭവത്തിൽ കുട്ടികൾ മനുഷ്യാവകാശ കമീഷന് മുന്നിലെത്തി പരാതി പറഞ്ഞു. കളമശ്ശേരി റസ്റ്റ്ഹൗസിൽ നടന്ന കമീഷൻ സിറ്റിങ്ങിലാണ് വിദ്യാർഥികൾ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന് മുന്നിലെത്തി സംഭവം വിവരിച്ചത്. രക്ഷിതാക്കൾക്കും ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി സെക്രട്ടറി സാബു പരിയാത്തിനുമൊപ്പം എത്തിയാണ് കുട്ടികൾ വിവരങ്ങൾ ധരിപ്പിച്ചത്. രണ്ടുദിവസം മുമ്പ് ആലുവ സെറ്റിൽമൻെറ് സ്കൂളിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി. മാധ്യമവാർത്തകളെത്തുടർന്ന് മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കലക്ടറോടും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമീഷൻ. പ്രളയത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വാർഡ് കൗൺസിലർ തടസ്സം നിൽക്കുന്നതുമൂലം നഷ്ടപരിഹാരം ലഭിക്കുന്നിെല്ലന്ന പരാതിയും കമീഷൻ സ്വീകരിച്ചു. ആലുവ നഗരസഭ 25ാം വാർഡിലെ ഊവാട്ടിൽ അബ്ദുൽ റഹ്മാൻ, ഫിലിപ് ബാബു നെയ്ശേരി, റോസ്ലി വട്ടപ്പള്ളി എന്നിവരാണ് കൗൺസിലർക്കെതിരെ പരാതി നൽകിയത്. 51 പരാതിയിൽ 13 എണ്ണത്തിൽ തീർപ്പുകൽപിച്ചു. 13 പുതിയ പരാതിയും കമീഷൻ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.