മുനമ്പം മനുഷ്യക്കടത്ത്​: രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന്​ ഹൈകോടതി

കൊച്ചി: മുനമ്പത്തുനിന്ന് വിദേശത്തേക്ക് ബോട്ടിൽ ആളെക്കടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള് ളി. മനുഷ്യക്കടത്ത് ഏറെ ഗൗരവമുള്ളതും രാജ്യത്തി​െൻറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഹരജി തള്ളിയത്. മൂന്നാംപ്രതിയും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയുമായ അനിൽകുമാർ, ഡൽഹി സ്വദേശിയും ഏഴാം പ്രതിയുമായ രവി എന്നിവരാണ് ജാമ്യഹരജി നൽകിയിരുന്നത്. കേസ് ആദ്യം പരിഗണനക്ക് വന്നപ്പോൾ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്താത്തതിനെ കോടതി വിമർശിച്ചിരുന്നു. എന്നാൽ, അന്വേഷണത്തെതുടർന്ന് ഇൗ കുറ്റംകൂടി പ്രതികൾക്കെതിരെ ചുമത്തി പറവൂർ മജിസ്േട്രറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയതായി പൊലീസ് കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതി ശെൽവനടക്കം ആറ് പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 370 വകുപ്പ് പ്രകാരമുള്ള കുറ്റംകൂടി (മനുഷ്യക്കടത്ത്) ചുമത്തിയത്. വിദേശത്തേക്ക് കടന്നവരെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല. അതിനാൽ ഇവർ എന്തിനാണ് വിദേശത്ത് പോയതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോൾ രാജ്യത്തുനിന്ന് അജ്ഞാതസ്ഥലത്തേക്ക് ആളുകൾ പോയതിനെ നിസ്സാരമായി കാണാനാവില്ല. അന്വേഷണം നിലവിൽ ശൈശവഘട്ടത്തിലാണ്. പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കാരണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജി തള്ളിയത്. കഴിഞ്ഞ ജനുവരി 12നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 87 പേരടങ്ങുന്ന സംഘം ബോട്ടിൽ മുനമ്പം മാല്യങ്കര ബോട്ട് ജെട്ടിയിൽനിന്ന് വിദേശത്തേക്ക് പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.