കുട്ടനാട്: കോളജ് കാമ്പസിൽ അപകടകരമാംവിധം വാഹനങ്ങളിൽ വിദ്യാർഥികളുടെ അഭ്യാസപ്രകടനം. അമിത വേഗത്തിലെത്തിയ വാഹനത് തിൽനിന്ന് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവം വിവാദമായതോടെ ഏഴ് വിദ്യാർഥികളെ എടത്വ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എടത്വ സെൻറ് അലോഷ്യസ് കോളജിലാണ് ഹൈകോടതി ഉത്തരവും സർക്കാർ നിർദേശവും മറികടന്ന് വിദ്യാർഥികൾ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയത്. ബി.കോം വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ചാണ് ഫെബ്രുവരി 26നും ഇൗ മാസം ഒന്നിനും കോളജ് ഗ്രൗണ്ടിൽ വിദ്യാർഥികൾ അഭ്യാസപ്രകടനം നടത്തിയത്. കാറിലും ജീപ്പിലും ബൈക്കുകളിലുമെത്തിയ വിദ്യാർഥികൾ കോളജ് വളപ്പിലൂടെ അപകടകരമായ രീതിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്ന ജീപ്പിൽനിന്ന് വീണ് രണ്ടുവിദ്യാർഥികൾക്ക് പരിക്കേറ്റത്. 26ന് ബി.കോം ടാക്സ് ആൻഡ് ഫിനാൻസ് വിദ്യാർഥികളും ഒന്നിന് ബി.കോം കമ്പ്യൂട്ടർ വിദ്യാർഥികളുമാണ് അഭ്യാസപ്രകടനം നടത്തിയത്. ദൃശ്യങ്ങൾ വിദ്യാർഥികൾതന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ, അഭ്യാസപ്രകടനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി. സാബൻ പറഞ്ഞു. 2015ൽ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനി മരിച്ചതിനെത്തുടർന്നാണ് കാമ്പസുകളിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.