അങ്കമാലി നഗരസഭ ബജറ്റ്​: ഭവനനിർമാണത്തിനും അടിസ്ഥാന വികസനത്തിനും മുന്‍ഗണന

അങ്കമാലി: നഗരസഭയില്‍ ഭവനനിർമാണ പദ്ധതികള്‍ക്കും അടിസ്ഥാന വികസന, സേവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുന്ന ബജറ് റ് നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് അവതരിപ്പിച്ചു. മുൻ നീക്കിയിരിപ്പ് 13.21 കോടി ഉൾപ്പെടെ 50.95 കോടി വരവും 50.14 കോടി ചെലവും 80.18 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഭവനനിർമാണ പദ്ധതികള്‍ക്കാണ് ഇത്തവണയും മുഖ്യപരിഗണന. രണ്ടുകോടിയാണ് പദ്ധതിക്ക് വക കൊള്ളിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വാങ്ങുന്നതിന് 5.20കോടി, ഭവനനിര്‍മാണ പദ്ധതിക്കും (പി.എം.എ.വൈ), പുതിയ കെട്ടിടനിര്‍മാണത്തിനും രണ്ടുകോടി വീതമായിരിക്കും ചെലവഴിക്കുക. പ്രളയബാധിത വാര്‍ഡുകളില്‍ റോഡ് നിര്‍മാണത്തിന് ഒരുകോടിയും മറ്റ് വാര്‍ഡുകളില്‍ 20 ലക്ഷവും വകയിരുത്തി. പീച്ചാനിക്കാട് പട്ടികജാതി വിഭാഗത്തിന് കമ്യൂണിറ്റി ഹാള്‍ നിർമാണം- 40 ലക്ഷം, മങ്ങാട്ടുകരയില്‍ സാംസ്കാരിക നിലയം-10 ലക്ഷം, സ്കൂൾ അറ്റകുറ്റപ്പണി- 25 ലക്ഷം, മാഞ്ഞാലിത്തോട് നടപ്പാതയില്‍ വഴിവിളക്ക് സ്ഥാപിക്കാൻ-20 ലക്ഷം, പാര്‍ക്കുകളുടെ വികസനം- 25 ലക്ഷം, ജലസേചന പദ്ധതികൾ- 25 ലക്ഷം, കാന നവീകരണം- 25 ലക്ഷം, റോഡുകളുടെ അറ്റകുറ്റപ്പണി- 30 ലക്ഷം എന്നിങ്ങനെ വകയിരുത്തി. സോളാര്‍ പാനല്‍, സ്കൂളുകളില്‍ ഫര്‍ണിച്ചര്‍ വാങ്ങല്‍, റെക്കോഡ് റൂം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, തരിശുഭൂമിയില്‍ കൃഷി, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ബജറ്റിലെ പ്രധാന സേവനപദ്ധതികളാണ്. ടോയ്ലറ്റ് സൗകര്യം, പൊതു മാര്‍ക്കറ്റി​െൻറ അറ്റകുറ്റപ്പണി, പൊതുകിണറുകളും കുളങ്ങളും സംരക്ഷിക്കല്‍, വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കല്‍, നായത്തോട് ജലസമൃദ്ധി പദ്ധതി, തൊഴില്‍മേള സംഘടിപ്പിക്കൽ എന്നിവക്കും ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്സൻ എം.എ. ഗ്രസി അധ്യക്ഷതവഹിച്ചു. നിരാശജനകം -പ്രതിപക്ഷം അങ്കമാലി: നഗരസഭയില്‍ ഇടതു ഭരണസമിതിയുടെ വാര്‍ഷിക ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അധിക പദ്ധതികളും തുടങ്ങാന്‍പോലും ഭരണസമിതിക്ക് സാധിച്ചില്ല. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ടൗണ്‍ഹാള്‍, വാട്ടര്‍ ട്രീറ്റ്മ​െൻറ് പ്ലാൻറ്, പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം, പൊതുശ്മശാനം, അറവുശാല എന്നിവക്ക് അഞ്ചുകോടി മാറ്റിവെച്ചിരുന്നെങ്കിലും ചെലവഴിക്കാതിരുന്നത് തികഞ്ഞ പരാജയമാണ്. പുതിയ ബജറ്റില്‍ ഒരു ജനകീയ പദ്ധതികളുമില്ല. ഭരണസമിതി അംഗങ്ങള്‍ തമ്മിലുള്ള ഭിന്നതയുമാണ് ബജറ്റ് പ്രഹസനമാകാന്‍ കാരണമായതെന്നും പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്തക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ബജറ്റ് യോഗം സ്വതന്ത്ര അംഗം ബഹിഷ്കരിച്ചു അങ്കമാലി: അംഗങ്ങള്‍ക്ക് മിനിറ്റ്സ് കോപ്പി നല്‍കാതെ കൗണ്‍സില്‍ യോഗ നടപടി പൂര്‍ത്തിയാക്കി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭ 18ാം വാര്‍ഡിലെ സ്വതന്ത്ര അംഗം വില്‍സണ്‍ മുണ്ടാടന്‍ ബജറ്റവതരണ യോഗം ബഹിഷ്കരിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് ജനപക്ഷ പദ്ധതികളില്‍നിന്ന് ഒളിച്ചോടുകയാണ്. കോടിക്കണക്കിന് രൂപ പ്രയോജനപ്പെടുത്താതെ നീക്കിവെച്ചിരിക്കുകയാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും വില്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.