മണപ്പുറത്ത്​ വ്യാപാരമേളക്ക് തുടക്കമായി

ആലുവ: ശിവരാത്രി ബലിതർപ്പണം ബുധനാഴ്ച പൂർത്തിയാകും. ഈ വർഷം ചൊവ്വാഴ്ച ദിവസത്തില്‍ മുഴുവനായും കുംഭമാസത്തിലെ കറുത ്തവാവ് ദിനമായ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടുവെരയും ബലിതര്‍പ്പണം നടത്താൻ കഴിയും. മണപ്പുറത്തെ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിവസമായ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിയിടൽ ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തിയിരുന്നു. ബുധനാഴ്ചവരെ തർപ്പണത്തിന് സമയമുള്ളതിനാൽ വലിയ തിരക്ക് തിങ്കളാഴ്ച രാത്രി ഉണ്ടായില്ല. എങ്കിലും നാനാദിക്കുകളിൽ നിന്നായി പതിനായിരങ്ങൾ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മണപ്പുറത്ത് കഴിച്ചുകൂട്ടിയ ആയിരങ്ങൾ ചൊവ്വാഴ്ച പുലർച്ചയോടെയാണ് തർപ്പണം നടത്തിയത്. അർധരാത്രി തുടങ്ങിയ തിരക്ക് ചൊവ്വാഴ്ച ഉച്ചവരെ തുടർന്നു. തിങ്കളാഴ്ച ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രചടങ്ങുകൾ നടന്നത്. മണപ്പുറത്തെ കടവുകളോട് ചേര്‍ന്ന് മുന്നൂറോളം ബലിപ്പുരകള്‍ സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പുരോഹിതന്മാര്‍ നേതൃത്വം നല്‍കി. തിരുവതാംകൂർ ദേവസ്വം ബോർഡും ആലുവ നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ചേർന്നാണ് ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിന് ആശ്രമം അധികൃതർ സൗകര്യം ഒരുക്കിയിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ ചൊവ്വാഴ്ച പുലർച്ചവരെ പ്രത്യേക സർവിസ് നടത്തി. അദ്വൈതാശ്രമത്തിൽ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തിലാണ് തർപ്പണം നടന്നത്. മണപ്പുറം ശിവക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി 12ഓടെ നടന്ന ശിവരാത്രി വിളക്കോടെയാണ് പ്രധാന ചടങ്ങുകൾ ആരംഭിച്ചത്. ശിവരാത്രിയുടെ പ്രധാന ചടങ്ങുകളും തിരക്കും കഴിഞ്ഞതോടെ മണപ്പുറത്തെ വ്യാപാര മേളക്ക് തുടക്കമായി. ഇത് ഒരുമാസം നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.