കൊച്ചി: കേരള ബാങ്ക് രൂപവത്കരണത്തിന് അംഗീകാരം തേടാൻ ജില്ല സഹകരണ ബാങ്കുകളിൽ നടക്കുന്ന പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട് ഏഴ് ജില്ലയിൽ ജില്ല കലക്ടർമാരെ നിരീക്ഷകരായി ചുമതലപ്പെടുത്തി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ല സഹകരണ ബാങ്കുകളിൽ ഇൗമാസം ഏഴിന് നടക്കുന്ന ചർച്ച അതത് ജില്ല കലക്ടർമാർ നിരീക്ഷിക്കാനാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ബാങ്ക് രൂപവത്കരണത്തിന് ജില്ല സഹകരണ ബാങ്കുകളിൽ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണമെന്ന റിസർവ് ബാങ്ക് മാർഗനിർദേശം അട്ടിമറിക്കാനിടയുണ്ടെന്ന് ആരോപിച്ച് മാഞ്ഞൂർ സർവിസ് സഹകരണബാങ്ക് ഭരണസമിതിയടക്കം നൽകിയ ഹരജികളിലാണ് ഹൈകോടതിയുടെ ഇടപെടൽ. ബാങ്ക് രൂപവത്കരണത്തെ എതിർക്കുന്ന ജില്ല ബാങ്കുകളിൽ ഇൗമാസം ഏഴിന് നടക്കാനിരിക്കുന്ന പ്രമേയ ചർച്ചയുടെ യഥാർഥ വിവരങ്ങൾ പുറത്തുവരാനിടയില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടർന്നാണ് ജില്ല കലക്ടർമാരെ നിരീക്ഷകരായി നിയോഗിച്ചത്. യോഗത്തിൽ കലക്ടർമാർ നേരിട്ട് നിരീക്ഷകരായി ഹാജരാകണമെന്നും നടപടികൾ വിഡിയോയിൽ പകർത്തണമെന്നും ഉത്തരവിൽ പറയുന്നു. റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കലക്ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജികൾ വീണ്ടും 12ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.