കുടിയേറ്റ തൊഴിലാളി സംഗമമായി ആനുകൂല്യ പ്രഖ്യാപനസമ്മേളനം

മൂവാറ്റുപുഴ: സര്‍ക്കാറി​െൻറ ആയിരം ദിനാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച കുടിയേറ്റ തൊഴിലാളി ആനുകൂല്യ പ്രഖ്യാപനം കുടിയേറ്റ തൊഴിലാളി സംഗമമായി മാറി. മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ തൊഴിൽ നൈപുണ്യ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10ന് പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടൗണ്‍ഹാളും പരിസരവും തൊഴിലാളികളാല്‍ നിറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതി ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാൻ ഇതരസംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി 2010 ഏപ്രിലിലാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലാണ് ആനുകൂല്യങ്ങള്‍ കുത്തനെ വര്‍ധിപ്പിച്ച് ഇത്തവണ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതനുസരിച്ച് മരണപ്പെടുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബത്തിന് നല്‍കിയിരുന്ന ധനസഹായം 10,000 രൂപയില്‍നിന്ന് 25000 രൂപയായി വര്‍ധിപ്പിച്ചു. ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടത്തിന് 50,000 രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായും ആനുകൂല്യം ഉയര്‍ത്തി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വമെടുത്തവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലോ ബോര്‍ഡ് അംഗീകരിച്ച സ്വകാര്യ-സഹകരണ ആശുപത്രികളിലോ ചികിത്സ തേടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വിരമിക്കല്‍ ആനുകൂല്യം 10,000 രൂപയും കൂടിയത് 25,000 വും ആയിരുന്നത് ഇപ്പോള്‍ യഥാക്രമം 25000 രൂപയും 50000 രൂപയുമായി വര്‍ധിക്കും. ക്ഷേമ പദ്ധതിയിലേക്ക് തല്‍സമയ അംഗത്വമെടുക്കുന്നതിന് തൊഴിലാളികളുടെ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. വൈകീട്ട് മൂന്ന് മണി വരെ മുന്നൂറ്റമ്പതോളം തൊഴിലാളികളാണ് തത്സമയ അംഗത്വമെടുത്തത്. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.