കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ ചെയർമാൻ പി.സി. ജോസ്, വൈസ് ചെയർപേഴ്‌സൻ ഓമന ബേബി എന്നിവർക്കെതിരെ എൽ.ഡി. എഫ് അവിശ്വാസപ്രമേയം പാസായി. ഇതോടെ മൂന്നരക്കൊല്ലം നീണ്ട യു.ഡി.എഫ് ഭരണം ഗ്രൂപ് തർക്കത്തിൽ നിലംപൊത്തി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത് വരെ വികസന സ്ഥിരംസമിതി അധ്യക്ഷന്‍ സി.വി. ബേബിക്ക് താൽക്കാലിക ചുമതല നൽകി. വെള്ളിയാഴ്ച രാവിലെ 10ന് ചെയർമാനും ഉച്ചക്ക് രണ്ടിന് വൈസ് ചെയർപേഴ്‌സനും എതിരായ അവിശ്വാസപ്രമേയ ചർച്ചയിൽ എൽ.ഡി.എഫിലെ 11അംഗങ്ങളും കോൺഗ്രസ് അംഗം സി.വി. ബേബിയും കോൺഗ്രസ് വിമത സ്വതന്ത്രാംഗം റോയി എബ്രഹാമും ഹാജരായി. വിപ്പിനെ തുടർന്ന് കോൺഗ്രസിലെ ഒമ്പത് അംഗങ്ങളും കേരള കോൺഗ്രസി -എമ്മിലെ ഒരു അംഗവും മറ്റൊരു കോൺഗ്രസ് വിമത സ്വതന്ത്രൻ ബിജു ജോണും ഹാജരായില്ല. നഗരസഭ റീജനൽ ജോയൻറ് ഡയറക്ടർ സി. ആർ. റാം മോഹൻ റോയ് വരണാധികാരിയായിരുന്നു. 13 വോട്ടുവീതം ലഭിച്ചാണ് അവിശ്വാസം പാസായത്. മൂന്നരവർഷത്തെ യു.ഡി.എഫ് ഭരണത്തിനിടയിൽ മൂന്ന് ചെയർമാൻമാരാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് -12 , എൽ.ഡി.എഫ് -11, സ്വതന്ത്രർ- രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് സ്വതന്ത്രർക്കും ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് കൂടെ കൂട്ടിയായിരുന്നു യു.ഡി.എഫ് ഭരണത്തിലേറിയത്. കോൺഗ്രസിലെ പ്രിൻസ് പോൾ ജോൺ ഒന്നര വർഷം, കോൺഗ്രസ് വിമതനായി ജയിച്ച ബിജു ജോൺ ഒരു വർഷവും ചെയർമാൻമാരായി. തുടർന്ന് ധാരണപ്രകാരം സ്വതന്ത്ര അംഗം റോയ് എബ്രഹാമിനായിരുന്നു അവസരം. എന്നാൽ, പഴയ മിനിറ്റ്സ് തിരുത്തി മൂന്നാമത് ചെയർമാൻ സ്ഥാനത്തേക്ക് പി.സി. ജോസ് സ്വന്തം പേര് എഴുതിച്ചേർത്തതായി അന്നേ ആരോപണം ഉയർന്നിരുന്നു. എ ഗ്രൂപ്പിലായിരുന്ന ജോസ് ചെയർമാനാകാൻ ഐ ഗ്രൂപ്പിലേക്കും ചേക്കേറി. പി.സി. ജോസ് ആറുമാസം മുമ്പ് ചെയർമാൻ ആയതോടെയാണ് കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചത്. ജോസ് മണ്ഡലം പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് എ ഗ്രൂപ് ആവശ്യമുയർത്തി. ചെയർമാൻ തെരഞ്ഞെടുപ്പ് വേളയിൽ എ ഗ്രൂപ്പിലെ സി.വി. ബേബിയുടെ വോട്ട് അസാധു ആയി എന്ന കാരണം പറഞ്ഞ് ഇരുസ്ഥാനവും വഹിക്കുകയായിരുന്നു. അന്ന് സി.വി. ബേബിയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. അവിശ്വാസപ്രമേയത്തെ തുടർന്ന് എ വിഭാഗം മണ്ഡലം പ്രസിഡൻറ്, വൈസ് ചെയർപേഴ്സൻ സ്ഥാനങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് വിളിച്ച ആദ്യഘട്ട ചർച്ചയിൽനിന്ന് എ ഗ്രൂപ് വിട്ടു നിന്നു. വ്യാഴാഴ്ച അവസാനവട്ട ചർച്ചയിൽ മണ്ഡലം പ്രസിഡൻറുസ്ഥാനം എ ഗ്രൂപ്പിലെ പ്രിൻസ് പോൾ ജോണിന് നൽകാൻ ധാരണയിലെത്തി. സി.വി. ബേബിയെ വിപ്പിെൻറ പരിധിയിൽ കൊണ്ടുവരാൻ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻറ് പ്രസ്താവനയുമിറക്കി. എന്നാൽ, കോൺഗ്രസിെൻറയും പി.സി. ജോസിെൻറയും നിലപാടുകളിൽ പ്രതിഷേധിച്ചാണ് രണ്ട് അംഗങ്ങൾ എൽ.ഡി.എഫിനൊപ്പം അവിശ്വാസത്തെ അനുകൂലിച്ചതെന്ന് സി.വി. േബബി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.