കോതമംഗലം: നഗരസഭയുടെ കുമ്പളത്ത് മുറിയിലെ ഡംബിങ്ങ് യാർഡിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഡംബിങ്ങ് യാർഡിലെ മാലിന്യ കൂമ്പാരത്തിൽനിന്ന് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഏക്കറ് കണക്കിന് സ്ഥലത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യം വേനൽക്കാലമായതിനാൽ ഉണങ്ങിയ നിലയിലായിരുന്നു. കോതമംഗലം ഫയർ സ്്റ്റേഷനിലെ രണ്ട് യൂനിറ്റുകൾ ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് സമീപ സ്ഥലങ്ങളിലെ ഫയർ യൂനിറ്റുകളുടെ സഹായം തേടി. ആധുനിക സൗകര്യങ്ങൾ ഒരുക്കി മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നതിനായി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പണി പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ നഗരത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കാതെ തുറസ്സായ സ്ഥലത്ത് തള്ളുകയാണ്. ഒരു ദിവസം ആറ് ലോഡ് മാലിന്യമാണ് ഇവിടെ തള്ളുന്നത്. ഡംബിങ്ങ് യാർഡിെൻറ കവാടം കഴിഞ്ഞും മാലിന്യം കുന്നുകൂടുന്നത് പതിവാണ്. യാർഡിന് പരിസരത്തുള്ള റബർ തോട്ടത്തിലേക്ക് തീ പടരുന്നത് തടയുന്നതിനുള്ള ശ്രമമാണ് ഫയർഫോഴ്സ് നടത്തി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.