കൊച്ചി: ബംഗളൂരുവിൽനിന്ന് ഒന്നര കിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയ കണ്ണൂർ അഴീക്കൽ പുല്ലാനി വീട്ടിൽ സു നോജിനെ (22) എറണാകുളം നോർത്ത് പൊലീസ് പിടികൂടി. നോർത്ത് പാലത്തിനടിയിൽ സംശയകരമായ രീതിയിൽ കണ്ട പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളുടെ ബാഗിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഡി.ജെ പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ലഹരിമരുന്നുകളുടെ ഒഴുക്ക് വർധിച്ചതോടെ ഇതിന് തടയിടുന്നതിന് എറണാകുളം നാർേകാട്ടിക് അസി. കമീഷണറുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽനിന്ന് 20,000 രൂപക്ക് വാങ്ങിയ രണ്ടുകിലോ കഞ്ചാവുപൊതിയിൽനിന്ന് അര കിലോ ഇയാൾ വിൽപന നടത്തിയിരുന്നു. അടുത്ത ഇടപാടുകാരനെ പ്രതീക്ഷിച്ച് നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മൂന്നുമാസം മുമ്പ് ഇയാളെയും അമ്മ സിന്ധുവിനെയും രണ്ടു സുഹൃത്തുക്കളെയും 20 കിലോ കഞ്ചാവുമായി വിജയവാഡയിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. അമ്മ ഇപ്പോഴും ജയിലിലാണ്. അവർക്ക് ജാമ്യം എടുക്കാനുള്ള പണം കണ്ടെത്താനാണ് ഇയാൾ വീണ്ടും കഞ്ചാവുമായി എത്തിയതത്രെ. കഴിഞ്ഞ ദിവസം നോർത്ത് പൊലീസും ഷാഡോയും ചേർന്ന് അഞ്ചുകോടി വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. നോർത്ത് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ വിബിൻദാസ്, എ.എസ്.ഐ ശ്രീകുമാർ, സീനിയർ സി.പി.ഒ വിനോദ് കൃഷ്ണ, സി.പി.ഒ അജിലേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.