കൊച്ചി: പുതിയ പ്ലാൻറ് പണിയുന്നതിന് ബ്രഹ്മപുരത്ത് കൈമാറിയ 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന സ്വകാര്യ കമ് പനിയുടെ ആവശ്യം കോർപറേഷൻ കൗൺസിൽ അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട അജണ്ട വിശദമായ പരിശോധനക്കായി മാറ്റി. ശക്തമായ പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് അജണ്ട മാറ്റിെവച്ചത്. സ്വകാര്യ കമ്പനി സ്വന്തം നിലയിൽ പ്ലാൻറ് നിർമിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് 20 വർഷത്തിനുശേഷം കോർപറേഷന് കൈമാറുമെന്ന വ്യവസ്ഥ നിലനിൽക്കെ ഉടമസ്ഥാവകാശം ആവശ്യപ്പെടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു. കമ്പനിയുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. ഭൂമി ഈടിന് നൽകിയാൽ കോർപറേഷന് ആ സ്‌ഥലം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാൻറ് നിർമിക്കുന്നതിനായി നൽകിയ സ്ഥലം പദ്ധതിക്ക് പണം കണ്ടെത്തുന്നതിനായി പാട്ടവ്യവസ്ഥയിൽ കൈമാറണമെന്ന ജി.ജെ. ഇക്കോപവർ കമ്പനിയുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പദ്ധതി ചെലവ് കമ്പനി കണ്ടെത്താമെന്ന വ്യവസ്ഥയിലാണ് കരാറിന് അനുമതി നൽകിയത്. അതിന് വിരുദ്ധമായി സ്ഥലം ഈടുനൽകണമെന്ന ആവശ്യം അംഗീകരിക്കില്ല. ഭൂമി ഈടുെവച്ച് പണം കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു ഉത്തരവും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ, ഭൂമി ഈടുനൽകാനാണ് സർക്കാർ താൽപര്യമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. നവംബർ 24ന് ചേർന്ന സംസ്ഥാനതല ഉപദേശക സമിതി യോഗത്തിൽ ഇക്കാര്യം പരിഗണിച്ചിരുന്നു. തീരുമാനമെടുക്കാൻ കൗൺസിലിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും മേയർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷത്തിെൻറ എതിർപ്പ് ശക്തമായി തുടർന്നതോടെ അജണ്ട മാറ്റിെവക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.