കോട്ടയം: രാജ്യത്തിനകത്തും പുറത്തും വിദ്യാർഥികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യാന്തര അക്കാദമിക് ക ാർണിവൽ സംഘടിപ്പിക്കുന്നതടക്കം വിദ്യാർഥികൾക്കും ഗവേഷകർക്കും കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കി മഹാത്മാഗാന്ധി സർവകലാശാല ബജറ്റ്. 657.38 കോടി വരവും 719.72 കോടി ചെലവും പ്രതീക്ഷിക്കുന്ന 2019-'20 സാമ്പത്തികവർഷത്തെ ബജറ്റ് സാമ്പത്തികകാര്യ സമിതി കൺവീനർ പ്രഫ. കെ. ജയചന്ദ്രനാണ് അവതരിപ്പിച്ചത്. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല രാജ്യാന്തര അക്കാദമിക് കാർണിവൽ നടത്താനൊരുങ്ങുന്നത്. നാനോ സയൻസ്, നാനോ ടെക്‌നോളജി, എനർജി മെറ്റീരിയൽ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ്, ഡിസാസ്റ്റർ മാനേജ്മെൻറ്, ഇക്കണോമിക്‌സ്, ഹിന്ദി, ജിയോളജി, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, സൈക്കോളജി, എന്നീ പഠനവകുപ്പുകൾ പുതുതായി ആരംഭിക്കാൻ 20 ലക്ഷം വകയിരുത്തി. ബ്രെയിലി ലിപിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് സെൻറർ തുടങ്ങാൻ അഞ്ചുലക്ഷവും ഗവേഷണ ഫെലോഷിപ്പിന് മൂന്നുകോടിയും വകയിരുത്തി. എം.ഫിൽ പ്രവേശനത്തിന് പൊതുപരീക്ഷ സംവിധാനം നടപ്പാക്കും. സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്കായി ഹോസ്റ്റൽ നിർമിക്കാൻ 50 ലക്ഷവും പരീക്ഷവിഭാഗത്തിെൻറ ആധുനികവത്കരണത്തിന് 40 ലക്ഷവും ഓൺലൈൻ മൂല്യനിർണയത്തിന് 25 ലക്ഷവും പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾ നിർമിക്കാനുള്ള പദ്ധതിക്ക് 10 ലക്ഷവും ഗവേഷകർക്കുള്ള മൊബിലിറ്റി ഫണ്ടിന് 10 ലക്ഷവും അധ്യാപക-അനധ്യാപക ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് നിർമാണത്തിന് രണ്ടുകോടി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പേരിൽ ലീഗൽ ക്ലിനിക് തുടങ്ങാൻ 20 ലക്ഷവും വകയിരുത്തി. വാർത്തസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, പ്രഫ. കെ. ജയചന്ദ്രൻ, ഡോ. ആർ. പ്രഗാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.