ആലുവ: നഗരമധ്യത്തിൽ മിനിലോറിയിടിച്ച് തൽക്ഷണം മരിച്ച ഇരുചക്രവാഹന യാത്രികൻ അശോകപുരം കൊടികുത്തുമല മരോട്ടിക്കൽ വീട്ടിൽ എം.വൈ. ബഷീറിന് (41) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. കൊടികുത്തുമല ചാരിറ്റബിൾ ട്രസ്റ്റിൽ അംഗമായിരുന്ന ബഷീർ സാമൂഹികസേവന രംഗത്ത് സജീവമായിരുന്നു. 100ഓളം പേർ അംഗങ്ങളായ സംഘടന വിവാഹ ചടങ്ങുകളിൽ ഭക്ഷണം വിളമ്പി ലഭിക്കുന്ന തുക സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. വാഹനപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർക്കും നിർധനരായ രോഗികൾക്കും ചികിത്സ സഹായത്തിനാണ് കൂടുതലും വിനിയോഗിച്ചത്. നിർധന കുടുംബമാണ് ബഷീറിേൻറത്. പഞ്ചായത്തിൽനിന്ന് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിനാൽ തായിക്കാട്ടുകരയിൽ ഭാര്യാവീടിനടുത്ത് ഒറ്റമുറി വീട് വാടകക്കെടുത്താണ് താമസിക്കുന്നത്. ഭാര്യയുടെ മാതാപിതാക്കൾ അവശനിലയിലാണ്. അതിനാൽ ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തായിക്കാട്ടുകരയിൽ ഭാര്യാവീട്ടിൽ മൃതദേഹം എത്തിച്ച് അന്ത്യദർശനത്തിന് സൗകര്യം ഒരുക്കി. പിന്നീട് കൊടികുത്തുമല ജുമാമസ്ജിദ് ഹാളിൽ പൊതുദർശനത്തിന് െവച്ചു. ഒരുമണിയോടെ കൊടികുത്തുമല ജുമാമസ്ജിദിൽ ഖബറടക്കി. അൻവർ സാദത്ത് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറിയും ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ എ.പി. ഉദയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചർ, അംഗങ്ങളായ സി.പി. നൗഷാദ്, സി.കെ. ജലീൽ തുടങ്ങിയവരും അന്തിമോപാചരം അർപ്പിക്കാനെത്തി. ലോറി ഡ്രൈവർ അറസ്റ്റിൽ ആലുവ: റെയിൽവേ സ്‌ക്വയറിൽ യുവാവ് മരിക്കാനിടയായ അപകടംവരുത്തിയ കെ.ആർ.എസ് പാർസൽ കമ്പനിയുടെ ലോറി ഡ്രൈവർ അറസ്റ്റിൽ. ഇടപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് കല്ലായി ഇലഞ്ഞിക്കൽപറമ്പിൽ മുഹമ്മദ് അനൂസാണ് (37) അറസ്റ്റിലായത്. അപകട സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി ശനിയാഴ്ച ഉച്ചക്കുശേഷം ആലുവ സി.ഐ വിശാൽ ജോൺസൺ മുമ്പാകെ ഹാജരാകുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷൻ സ്‌ക്വയറിലാണ് അപകടം. ചരക്കുമായി എറണാകുളത്തേക്ക് പോയ മിനിലോറി പമ്പ് കവലയിലേക്ക് പോകാൻ യുടേൺ തിരിയുകയായിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഒരു ഓട്ടോയെ ഇടിച്ചുമറിച്ചും മറ്റൊരു കാറിലിടിച്ച ശേഷവുമാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ലോറിയുടെ ബ്രേക്ക് നഷ്ടപെട്ടതാണ് അപകട കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.