അംബരീഷ്​: വിമതതാരം

ബംഗളൂരു: കന്നട രാഷ്ട്രീയത്തിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു അന്തരിച്ച മാലവള്ളി ഹച്ചെ ഗൗഡ അമർനാഥ് എന്ന അംബരീഷ്. കന്നട സിനിമ ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി കേന്ദ്രമന്ത്രിപദം വരെയെത്തിയ അംബരീഷി​െൻറ ജീവിതം എന്നും നാടകീയത നിറഞ്ഞതായിരുന്നു; അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും. അന്തരിച്ച ജനപ്രിയ നടൻ വിഷ്ണുവർധനും അംബരീഷും ഉറ്റ സുഹൃത്തുക്കളായിരുന്നു. 1972ൽ പുറത്തിറങ്ങിയ ദേശീയ അവാർഡ് നേടിയ നഗരഹാവു എന്ന ചിത്രത്തിലൂടെ ഇരുവർക്കും സ്വപ്നതുല്യമായ തുടക്കമായിരുന്നു വെള്ളിത്തിരയിൽ. പിന്നീട് വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ സാൻഡൽ വുഡിലെ 'റിബൽ സ്റ്റാർ' ആയി. യാദൃശ്ചികമായി വന്നുചേർന്ന 'വിമത' അലങ്കാരം പിന്നീട് അദ്ദേഹത്തി​െൻറ ജീവിതത്തി​െൻറ തന്നെ ഭാഗമായി മാറി. 1994ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പക്ഷേ മത്സരിക്കാനായില്ല. 1996ൽ ലോക്സഭ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ കോൺഗ്രസ് ടിക്കറ്റ് നിേഷധിച്ചതോടെ നേരെ ജെ.ഡി-എസ് പാളയത്തിലെത്തി. രണ്ടു വർഷത്തിന് ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥിെയ തോൽപിച്ച് ലോക്സഭയിലെത്തി. എന്നാൽ, പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ അദ്ദേഹം മാണ്ഡ്യയിൽനിന്ന് രണ്ടു തവണ കൂടി ലോക്സഭയിലെത്തി. ലോക്സഭയിലേക്കുള്ള മൂന്നാം വരവിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി. 2009 ൽ തോൽവി വഴങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. 2013 ൽ സിദ്ധരാമയ്യ സർക്കാറിൽ ഭവന മന്ത്രിയായെങ്കിലും മന്ത്രിസഭ പുനഃസംഘാടനത്തിൽ സ്ഥാനം തെറിച്ചു. ഇതോടെ പാർട്ടിയുമായി അകന്ന അംബരീഷ് 2018 ൽ നടന്ന നിർണായക തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തി​െൻറ ആവശ്യം തള്ളി. അഭിനയത്തിലും രാഷ്ട്രീയത്തിലും വില്ലൻ വേഷങ്ങളിലായിരുന്ന അംബരീഷിന് മാണ്ഡ്യയായിരുന്നു തട്ടകം. മാണ്ഡ്യ ഗണ്ഡു (മാണ്ഡ്യയുടെ പുരുഷൻ) എന്ന വിളിപ്പേരും ആരാധകർ സ്നേഹപൂർവം നൽകിയിട്ടുണ്ട്. ശനിയാഴ്ച പകലിൽ മാണ്ഡ്യ പാണ്ഡവപുരയിൽ നടന്ന ബസപകടത്തിൽ 30 പേർ മരിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ തന്നെയും തേടിയെത്തിയ മരണത്തിന് മുന്നിൽ രാത്രിയോടെ അദ്ദേഹം കീഴടങ്ങി. മരണവിവരമറിഞ്ഞതോടെ ബംഗളൂരു വിക്രം ആശുപത്രിയിലേക്ക് രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും ഒഴുക്കായിരുന്നു. ആശുപത്രിക്ക് മുന്നിൽ പാതിരാത്രിയിലും ആരാധകർ പൊട്ടിക്കരയുന്നതായിരുന്നു കാഴ്ച. മൃതദേഹം ഞായറാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.