പറവൂർ: ദേശീയപാത 66ൽ യാക്കോബായ ദേവാലയത്തിന് സമീപം രൂപപ്പെട്ട വലിയ കുഴികൾ നാട്ടുകാർ താൽക്കാലികമായി അടച്ചു. അപകടങ്ങൾ പതിവാകുകയും വാഹനങ്ങൾ സഞ്ചരിക്കാൻ പ്രയാസം നേരിടുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ കുഴികൾ അടച്ചത്. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ റോഡിൽ വെള്ളം കെട്ടിയിരുന്നു. കുഴിയുടെ ആഴമറിയാതെ നിയന്ത്രണംതെറ്റി വീണ് വെള്ളിയാഴ്ച രാവിലെ രണ്ട് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റിരുന്നു. ദേശീയപാത അധികൃതരുടെ നിസ്സംഗതയിലും അറ്റകുറ്റപ്പണി നടത്താൻ വൈകുന്നതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ കുഴികൾ മൂടാൻ രംഗത്തിറങ്ങിയത്. അപകടം ഉണ്ടായതിനെത്തുടർന്ന് നഗരസഭയിൽനിന്ന് ശുചീകരണ തൊഴിലാളികളെത്തി കുഴികളിൽനിന്ന് വെള്ളം കോരിക്കളഞ്ഞു. പിന്നീടാണ് താലൂക്ക് വികസനസമിതി അംഗം മധു അയ്യമ്പിള്ളിയുടെ നേതൃത്വത്തിൽ കണ്ണൻകുളങ്ങര ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും ചേര്‍ന്നാണ് കുഴികൾ അടച്ചത്. വൺവേ റോഡായ കോൺവൻറ് റോഡിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പുള്ള കണ്ണൻകുളങ്ങരയിലും ദേശീയപാത തകർന്നുകിടക്കുകയാണ്. ആഴമുള്ള കുഴികള്‍ രൂപപ്പെട്ടതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. ഏതാനും ദിവസം മുമ്പ് ഇരുചക്രവാഹനത്തിൽനിന്ന് വീണ് അമ്മക്കും മൂന്നുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റിരുന്നു. പരാതികൾ ശക്തമായിട്ടും റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തതിനെതിരെ ശക്തമായ ജനരോഷമുയർന്നിട്ടുണ്ട്. ഞായറാഴ്ചയോടെ ദേശീയപാതയിൽ ടൈലുകൾ വിരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി മധു അയ്യമ്പിള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.