പേട്ട-തൃപ്പൂണിത്തുറ മെട്രോ റെയിൽ സമരപ്രഖ്യാപന കൺവെൻഷൻ തൃപ്പൂണിത്തുറ: 2014ൽ ഭരണാനുമതി ലഭിച്ച പേട്ട-തൃപ്പൂണിത്തു റ മെട്രോ റെയിൽ നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ജനപ്രതിനിധികളും മെട്രോ അധികാരികളും ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ. ബാബു. മെട്രോ റെയിൽ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേട്ട-തൃപ്പൂണിത്തുറ മെട്രോ െറയിൽ നിർമാണം ത്വരിതപ്പെടുത്തുക പേട്ട പാലം, പേട്ട-എസ്.എൻ ജങ്ഷൻ റോഡ് നാലുവരിയാക്കുന്നതിന് ഭൂമി ഉടൻ ഏറ്റെടുക്കുക വീട് നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുക, മത സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുക, വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക, എസ്.എൻ ജങ്ഷനിലെ ശ്രീ നാരായണ പ്രതിമ മാറ്റി സ്ഥാപിക്കുന്നതിന് നഷ്ടപരിഹാരം നൽകുക, എസ്.എൻ ജങ്ഷഷനിൽ ഫ്ലൈഓവർ നിർമിക്കുക, എസ്.എൻ ജങ്ഷനിൽ നിന്നും തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ അംഗീകരിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെ മനുഷ്യ മെട്രോ തീർക്കാൻ തീരുമാനിച്ചു. നവംബർ 30ന് വൈകീട്ട് 5.30ന് വിളംബര ജാഥ നടത്തും, മനുഷ്യ മെട്രോയിൽ 2000 പേർ കണ്ണികൾ ആകും ഡിസംബർ ഒന്നിന് വൈകീട്ട് ആറിന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമര പ്രഖ്യാപന കൺവെൻഷനിൽ മുൻ നഗരസഭ ചെയർമാൻ ആർ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർപേഴ്സൻ സുനീല സിബി, ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന ശശി, കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, എരൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.ഡി. ശ്രീകുമാർ, റീസ് പുത്തൻവീട്ടിൽ, എഡ്രാക്ക് മേഖല പ്രസിഡൻറ് കെ.എ. ഉണ്ണിത്താൻ, എം.എം. രാജു, കെ.ജി. സത്യവ്രതൻ, ആർ. നന്ദകുമാർ, കെ.എക്സ്. സേവ്യർ, എസ്.കെ. നസിമുദ്ദീൻ, പി. പ്രസന്നൻ, ഡി. അർജുനൻ, വേണു മുളന്തുരുത്തി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.