ആയിരങ്ങൾക്ക് ആശ്വാസമായി എം.എൽ.എയുടെ ഏകദിന ജനകീയ ആശുപത്രി

എടവനക്കാട്: ഏകദിന ജനകീയ ആശുപത്രി എന്ന പേരില്‍ എസ്. ശർമ എം.എൽ.എ എടവനക്കാട് സംഘടിപ്പിച്ച സൗജന്യ മള്‍ട്ടി സ്‌പെഷാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 7358 ആളുകള്‍ ചികിത്സ തേടിയെത്തി. ഏഴുവര്‍ഷക്കാലമായി വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ നടത്തിവരുന്ന ക്യാമ്പ് പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച മുളവുകാട്, കടമക്കുടി പഞ്ചായത്തുകള്‍ക്ക് മാത്രമായി ഒരെണ്ണം സംഘടിപ്പിച്ചിരുന്നു. വൈപ്പിനിലെ ആറു പഞ്ചായത്തുകള്‍ക്കു മാത്രമായിട്ടാണ് ഞായറാഴ്ച എടവനക്കാട് ഹിദായത്തുള്‍ ഇസ്ലാം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ക്യാമ്പ് നടത്തിയത് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. എസ്. ശര്‍മ എം.എൽ.എ അധ്യക്ഷതവഹിച്ചു. ക്യാമ്പില്‍ സംബന്ധിച്ച 239 പേരെ തിമിര ശസ്ത്രക്രിയക്കായും 419 പേരെ ദന്തശസ്ത്രക്രിയക്കായും 228 പേരെ വിവിധ മൈനര്‍ സര്‍ജറിക്കായും നിര്‍ദേശിച്ചു. ഇവര്‍ക്കെല്ലാം സൗജന്യമായി തുടര്‍ പരിശോധന ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിനു മുമ്പേ പ്രഖ്യാപിച്ചതുപ്രകാരം 172 പേര്‍ക്ക് വരുന്ന ഒരു വര്‍ഷക്കാലയളവിലേക്ക് തുടര്‍പരിശോധന, ചികിത്സ എന്നിവ സൗജന്യമായി ലഭ്യമാക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​െൻറ നേതൃത്വത്തിലാണ് ഈ സേവനം ഉറപ്പാക്കിയിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ്, കളമശ്ശേരി, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, അമൃത ആശുപത്രി, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, അങ്കമാലി എല്‍.എഫ് ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് 450ാളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു. ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ നിന്നും ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസില്‍ നിന്നുമായി ആകെ 50ളം ഡോക്ടര്‍മാര്‍ സന്നദ്ധ സേവനത്തിനായി എത്തിച്ചേര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.