ഏലൂരിലെ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം

കളമശ്ശേരി: ഏലൂർ മേത്താനത്ത് കിടക്കനിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തം. ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂനിറ്റിലെ തീ ആളിപ്പടരാതിരിക്കാനുള്ള നാട്ടുകാരുടെ ശ്രമം ഏറെ ആശ്വാസമായി. ഹർത്താൽ ദിനമായതിനാൽ പ്രദേശത്തും റോഡിലും ആൾസഞ്ചാരം കുറവുള്ള സമയത്താണ് സംഭവം. യൂനിറ്റിൽനിന്ന് ബെഡുകൾ കയറ്റിയ ലോറി പോകാൻ തയാറെടുക്കുന്നതിനിടെയാണ് തീ ഉയർന്നത്. ഉടൻ പ്രദേശത്തുകാർ ഒച്ചവെച്ച് ലോറി മാറ്റിക്കുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയുമായിരുന്നു. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചെങ്കിലും വൈകിയാണ് വ്യവസായ മേഖലയായ ഏലൂരിൽനിന്ന് ഫയർ യൂനിറ്റെത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. തീ ആളിപ്പടരുന്നതിനിടെ വന്ന യൂനിറ്റിലെ വെള്ളം തീർന്നതും പ്രതിഷേധത്തിന് വഴിവെച്ചു. സമീപത്തെ ഫാക്ടിൽനിന്നുള്ള യൂനിറ്റും എത്തിയില്ല. തീപിടിച്ച് ഒരുമണിക്കൂർ പിന്നിട്ടപ്പോഴേക്കും ജില്ലയുടെ വിവിധയിടങ്ങളിൽനിന്നായി പത്തോളം ഫയർ യൂനിറ്റുകൾ സ്ഥലത്തെത്തി. അപ്പോഴേക്കും ഗോഡൗൺ പൂർണമായി അഗ്നിക്കിരയായിരുന്നു. പാതാളം യൂനിറ്റിൽ രണ്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ഒന്നുമാത്രമേ എത്തിയുള്ളൂ. മൂന്ന് ഡ്രൈവർമാർ ഉള്ളിടത്ത് ഒരാൾ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. ഏറെ അപകടകരമായ കമ്പനികൾവരെ പ്രവർത്തിക്കുന്ന ഏലൂർ വ്യവസായ മേഖലയിലെ ഫയർസ്റ്റേഷനിൽ ജീവനക്കാരുടെ കുറവുണ്ടെന്നാണ് യൂനിറ്റ് അധികൃതർ നൽകുന്ന സൂചന. നിയമനത്തിലെ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നമെന്ന ആക്ഷേപവുമുണ്ട്. അതേസമയം, ബെഡ് യൂനിറ്റിൽ തീപിടിച്ചാൽ അണക്കാൻ ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കണ്ണൂർ സ്വദേശി ഹഷീറിേൻറതാണ് യൂനിറ്റ്. ജില്ല ഫയർ ഓഫിസർ ജോഗി സണ്ണി സംഭവസ്ഥലം പരിശോധിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.