ഹർത്താൽ: ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു, കടകൾ നിർബന്ധിച്ച് അടപ്പിച്ചു

പറവൂർ: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താലറിയാതെ പലരും നടത്തിയ യാത്രകൾക്ക് തടസ്സം നേരിട്ടു. ദേശീയപാത-66ൽ മൂത്തകുന്നത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് ബഹളത്തിന് കാരണമായി. പിന്നീട് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഗ്രാമീണ മേഖലകളിൽ രാവിലെതന്നെ കടകമ്പോളങ്ങൾ തുറന്നെങ്കിലും സംഘ്പരിവാർ പ്രവർത്തകരെത്തി നിർബന്ധപൂർവം അടപ്പിച്ചു. ഇത് ചിലയിടങ്ങളിൽ വാക്കുതർക്കത്തിന് കാരണമായി. ഹർത്താൽ ഏറെയും ബാധിച്ചത് ഹോട്ടലുകളെയും ചായക്കടകളെയുമായിരുന്നു. ശനിയാഴ്ച ഭക്ഷണം പാചകം ചെയ്യാൻ തയാറാക്കിയ മാവും മറ്റും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി. പട്ടണങ്ങളിൽ വൈകിമാത്രം കടകമ്പോളങ്ങൾ തുറക്കുന്നതിനാൽ ഹർത്താൽവിവരം അറിഞ്ഞതിനാൽ തുറന്നില്ല. എന്നാൽ, ഹോട്ടലുകളും മറ്റും പുലർച്ചതന്നെ തുറന്നു പ്രവർത്തിച്ചതിനാൽ പാചകം ചെയ്ത ഭക്ഷണങ്ങൾ ആവശ്യക്കാർക്ക് നൽകാൻ കഴിയാത്ത സ്ഥിതി നേരിട്ടു. പറവൂർ നഗരത്തിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒാടി. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹർത്താലി​െൻറ ഭാഗമായി ചേന്ദമംഗലം കവലയിൽനിന്ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ കെ.എം.കെ കവലവരെ പ്രകടനം നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു. സ്വദേശി ജാഗരൺ മഞ്ച് മുൻ സംസ്ഥാന കൺവീനർ സി.ജി. കമലാകാന്തൻ, ശബരിമല സംരക്ഷണ സമിതി ജില്ല കൺവീനർ കെ.ആർ. രമേഷ്കുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വരാപ്പുഴ, വടക്കേക്കര എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.