കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റീ സര്‍ജൻറ് കേരള വായ്പാ പദ്ധതിയില്‍ (ആര്‍.കെ.എല്‍.എസ്) ജില്ലയില്‍ ഇതുവരെ 65.42 കോടി അനുവദിച്ചതായി ജില്ല കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. ഓരോ അയല്‍ക്കൂട്ടത്തിനും 10 ലക്ഷം രൂപ, ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതമാണ് പരമാവധി അനുവദിക്കുക. ഒമ്പത് ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്ന വായ്പയില്‍ പലിശത്തുക പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കും. ഫലത്തില്‍ ഗുണഭോക്താവിന് പലിശരഹിത വായ്പ ലഭിക്കും. ജില്ലയില്‍ 91 സി.ഡി.എസുകളാണ് പ്രളയബാധിതമായിട്ടുള്ളത്. ഇവയില്‍ 8206 അയല്‍ക്കൂട്ടങ്ങളിലായി 71728 ഗുണഭോക്താക്കളുണ്ട്. 5438 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 39,120 അംഗങ്ങള്‍ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ചു. 1108 അയല്‍ക്കൂട്ടങ്ങളിലെ 7830 അംഗങ്ങള്‍ക്ക് വായ്പ ലഭിച്ചുകഴിഞ്ഞു. 3698 അപേക്ഷകള്‍ പരിഗണനയിലാണ്. അയല്‍ക്കൂട്ടത്തിന് അക്കൗണ്ടുള്ള ബാങ്ക് വഴിയാണ് വായ്പാ വിതരണം. എല്ലാ അപേക്ഷകര്‍ക്കും വായ്പ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടര്‍ ബന്ധപ്പെട്ട ബാങ്കുകളുടെ പ്രതിനിധികളുമായി കലക്ടറേറ്റില്‍ ചര്‍ച്ച നടത്തി. 250 കോടി ജില്ലയില്‍ വായ്പയായി അനുവദിക്കാനും നിർദേശിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സി. സതീഷ്, കുടുംബശ്രീ ജില്ല മിഷന്‍ അസി. കോഒാഡിനേറ്റര്‍മാരായ എസ്. രഞ്ജിനി, ടി.എം. റജീന, കെ. വിജയം, കെ.ആര്‍. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.