മൂവാറ്റുപുഴ ടൗണ്‍ വികസനം, ബൈപാസ് നിർമാണം: ഉന്നതതല യോഗം ചേര്‍ന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനവും ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വേഗത്തിലാക്കാനുമായി ഉന്നതതല യോഗം ചേര്‍ന്നു. എറണാകുളം കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുല്ല, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാജഹാന്‍, കാക്കനാട് എല്‍.എ തഹസില്‍ദാര്‍ കെ.എം. എല്‍ദോ, മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഷിജി കരുണാകരന്‍, കെ.എസ്.ഇ.ബി.എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.എ. പ്രഭ, ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.കെ. ഷീല, അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എം.പി. ജോസ് എന്നിവര്‍ പങ്കെടുത്തു. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 135പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ 82 പേരുടെ സ്ഥലമേറ്റെടുത്തു. ബാക്കിയുള്ള 53പേരുടെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇതിന് കിഫ്ബിയില്‍നിന്ന് 32.14 കോടി അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കംചെയ്യാനും റോഡ് നിര്‍മാണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ മാസം 14ന് കെ.എസ്.ടി.പി, പൊതുമരാമത്ത്, എല്‍.എ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജോയൻറ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 16ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള 15ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകും. ഇതോടെ കെട്ടിടങ്ങള്‍ പൊളിക്കല്‍ വേഗത്തിലാക്കും. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന സ്ഥലത്ത് താല്‍ക്കാലിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുവദിച്ച 35ലക്ഷം രൂപക്കും അനുമതിയായിട്ടുണ്ട്. ടൗണ്‍ വികസനവും ബൈപാസ് നിർമാണത്തി​െൻറയും സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സർവേയര്‍മാരെ നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മുറിക്കല്‍ ബൈപാസിന് 50 കോടി രൂപക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 97 പേരുടെ സ്ഥലമാണ് ബൈപാസ് നിർമാണത്തിന് ഏറ്റെടുക്കേണ്ടത്. ഇതില്‍ വെള്ളൂർക്കുന്നം വില്ലേജിലെ 22 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 21 പേരുടെ സ്ഥലം ഏറ്റെടുത്തു. മാറാടി വില്ലേജില്‍ 75 പേരുടെ സ്ഥലവും ബൈപാസ് നിർമാണവുമായി ഏറ്റെടുക്കണം. ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സർവേ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പൊതുമരാമത്തിന് സമര്‍പ്പിച്ചു. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവേ കല്ലുകള്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും സ്ഥാപിക്കുന്നതിന് സർവേയര്‍മാരെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.