തൃപ്പൂണിത്തുറ: എ.ടി.എമ്മുകൾ കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതികളെ ശനിയാഴ്ച ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. ഇരുമ്പനത്ത് പുതിയറോഡ് ജങ്ഷനിൽ സീപോർട്ട്-എയർപോർട്ട് റോഡിലെ എസ്.ബി.ഐയുടെ എ.ടി.എമ്മും തൃശൂരിലും കോട്ടയത്തും എ.ടി.എമ്മുകളും കുത്തിത്തുറന്ന് 35,05,200 രൂപ കവർന്ന ആറംഗസംഘത്തിലെ മൂന്നുപേരാണ് അറസ്റ്റിലായത്. പ്രധാന പ്രതി പപ്പി ഡൽഹിയിൽ വാഹന മോഷണക്കേസിലും എ.ടി.എം കവർച്ചക്കേസിലും പിടിക്കപ്പെട്ട് തിഹാർ ജയിലിലാണ്. ഇയാളെ ഡൽഹിയിൽനിന്ന് 14ന് തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. മറ്റ് രണ്ട് പ്രതികളായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാൻ സ്വദേശി നസീം (24) എന്നിവരെ ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പല സമാന കേസുകളിലും സംഘാംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഹനീഫ് ഗ്യാസ് കട്ടിങ്ങിൽ വിദഗ്ധനാണ്. കവർച്ച നടത്തി നാട്ടിലെത്തിയ സംഘം പണം തുല്യമായി വീതിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇതിൽ ഗ്യാസ്കട്ടിങ് വിദഗ്ധരായ രണ്ട് പ്രതികൾക്ക് ഒരുലക്ഷം അധികം നൽകിയതായി പ്രതികൾ പറഞ്ഞതായി അന്വേഷണസംഘം വ്യക്തമാക്കി. ലോറി ഡ്രൈവർമാരായി കേരളത്തിൽ എത്തുന്ന ഇവർ സെക്യൂരിറ്റി ജീവനക്കാരും സുരക്ഷ സംവിധാനങ്ങളും കുറവുള്ള എ.ടി.എം കണ്ടുപിടിച്ചശേഷം ഗ്യാസ് കട്ടിങ്ങിൽ പ്രാവീണ്യമുള്ള സംഘാംഗങ്ങളെ വിളിച്ചുവരുത്തിയാണ് കവർച്ച നടത്തുന്നത്. എ.ടി.എം തകർത്ത് പണവുമായി ഇവർക്കുവേണ്ടി കാത്തുകിടക്കുന്ന ലോറികളിൽ കയറിയാണ് നാട്ടിലേക്ക് പോകുന്നത്. ഒക്ടോബർ മൂന്നിന് നസീം, അസം, അലീം എന്നിവർ ലോറികളിൽ കേരളത്തിലേക്ക് ലോഡെടുത്ത് ബംഗളൂരുവിൽ എത്തിയസമയം ഇവരുടെ സംഘാംഗങ്ങളായ ഹനീഫ്, ഷെഹ്‌സാദ്, പപ്പി എന്നിവർ ഡൽഹിയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിൽ എത്തുകയായിരുന്നു. തുടർന്ന് ആറംഗസംഘം അവിടെനിന്ന് കേരളത്തിലേക്ക് മൂന്ന് ലോറികളിലായി പുറപ്പെട്ട് പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ ലോഡിറക്കി എല്ലാവരും കോട്ടയത്ത് ഒത്തുകൂടി. മണിപ്പുഴയിൽനിന്ന് പിക്കപ് വാൻ മോഷ്ടിച്ച് ഷെഹ്‌സാദ്, പപ്പി, നസീം എന്നിവർ വെമ്പള്ളി, മോനിപ്പള്ളി എന്നീ സ്ഥലങ്ങളിൽ എ.ടി.എം കവർച്ചശ്രമം നടത്തി. എന്നാൽ, തൊട്ടടുത്ത കെട്ടിടത്തിലെ ആളുകൾ എഴുന്നേറ്റതിനെത്തുടർന്ന് അവിടുന്ന് കടന്നു. തുടർന്ന് എം.സി റോഡ് വഴി കോലഞ്ചേരിയിലെത്തി. അവിടുന്ന് ഇരുമ്പനത്തെത്തി എ.ടി.എം തകർത്ത് 25,05,500 രൂപ കവർന്നു. കളമശ്ശേരിയിൽ എ.ടി.എം തകർക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത കടയിലെ രണ്ടുപേർ ഇവരെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ടു. സഹായികളായി കാത്തുകിടന്ന അലീമിനോടും അസ്സമിനോടും ലോറിയുമായി പിറകെവരാൻ ആവശ്യപ്പെട്ട ഇവർ കൊരട്ടിയിലുള്ള എ.ടി.എം തകർത്ത് പത്തുലക്ഷം കവർന്നു. പിന്നീട് പിക്കപ് വാൻ ചാലക്കുടിയിൽ ഉപേക്ഷിച്ചശേഷം കട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും സഹായികളുമായിവന്ന ലോറിയിൽ കയറ്റി ആറുപേരും ബംഗളൂരുവിൽ എത്തി. മോഷ്ടിച്ച പണം വീതിച്ചശേഷം ഇവർ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടന്നു. അറസ്റ്റ് ചെയ്ത നസീം, ഹനീഫ് എന്നിവരെ രാജസ്ഥാനിൽ കസ്റ്റഡിയിലെടുത്ത് ഡൽഹിയിൽ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി മെട്രോപോളിറ്റൻ കോടതിയിൽ ഹാജരാക്കി ട്രെയിൻമാർഗം തൃപ്പൂണിത്തുറയിൽ എത്തിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തലവനായ തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ റെനീഷ്, സി.പി.ഒ ദിനിൽ, എ.എസ്.ഐമാരായ രജി, അനസ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടി തൃപ്പൂണിത്തുറയിൽ എത്തിച്ചത്. സംഘത്തിലെ നസീം, അസംഖാൻ, അലീം എന്നിവർ ബന്ധുക്കളാണ്. ഇവർ മൂവരും ട്രക്ക് ഡ്രൈവർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.