നുണ പറയുന്നതിൽ സഭക്കും ജനറാളിനും ഡോക്​ടറേറ്റെന്ന്​ കന്യാസ്​ത്രീകൾ

കൊച്ചി: മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയും ജനറാളും നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തവരാണെന്ന് ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതി ജങ്ഷനില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. മിഷണറീസ് ഓഫ് ജീസസ് ഫ്രാേങ്കായുടെ പിണിയാളുകളായി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും സ്വന്തമായി ഇല്ല. ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് തങ്ങള്‍ക്ക് പിന്തുണയുമായി ആദ്യം മുന്നോട്ടു വന്നത്. പിന്നീട് സമരസമിതിയായി മാറുകയായിരുന്നു. കത്തോലിക്ക വിശ്വാസികള്‍ തന്നെയാണ് സമരസമിതിയില്‍ ഉള്ളത്. സമരം തുടങ്ങിയതിനുശേഷം ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. അതിനു മുമ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മിഷണറീസ് ഓഫ് ജീസസില്‍ തങ്ങളെ അനുകൂലിക്കുന്നവരെ മദര്‍ ജനറാളും കൗണ്‍സിലും നിശ്ശബ്ദരാക്കിയിരിക്കുകയാണ്. തങ്ങള്‍ സഭക്കെതിരല്ല. കൂദാശകള്‍ സ്വീകരിക്കുന്ന കത്തോലിക്ക വിശ്വാസികള്‍ തന്നെയാണ്. നീതിക്കായി സഭക്കകത്ത് നിന്നുകൊണ്ടുതന്നെയുള്ള ജീവന്മരണ പോരാട്ടമാണിതെന്നും അവർ പറഞ്ഞു. മരണം വരെ സന്യാസ ജീവിതത്തില്‍ തന്നെ തുടരും. കോടതിയില്‍ വിശ്വാസമുണ്ട് എന്നാല്‍, അന്വേഷണ സംഘത്തെ പൂർണമായി വിശ്വാസമില്ല. സഭയുടെ പിന്തുണ ഫ്രാങ്കോക്കുണ്ട്. അല്ലെങ്കില്‍ ഇപ്പോഴും അദ്ദേഹം ആ ആസ്ഥാനത്ത് തുടരില്ല. കന്യാസ്ത്രീയുടെ പരാതി ചെന്നപ്പോള്‍ തന്നെ സഭാനേതൃത്വം ഇടപെട്ട് ഫ്രാങ്കോയെ മാറ്റേണ്ടതായിരുന്നു. ഇത്രയേറെ ഗൗരവമുള്ള വിഷയമായിട്ടും സഭ മൗനം പാലിക്കുന്നത് അദ്ഭുതകരമാണ്. 19ന് ഹാജരാകുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷയില്ല. പൊലീസ് ഏതു രീതിയിലാണ് കേസ് ഇനി അട്ടിമറിക്കാന്‍ പോകുന്നതെന്നും അറിയില്ല. എന്തു വിലകൊടുക്കേണ്ടി വന്നാലും ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകും. മിഷണറീസ് ഓഫ് ജീസസി​െൻറ അന്വേഷണ സമിതി റിപ്പോർട്ട് നുണകളുടെ സമാഹാരമാണ്. ഇരയായ കന്യാസ്ത്രീയുടെ ചിത്രമടക്കം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും. പി.സി. ജോർജിേൻറതിന് സമാന നിലപാടാണ് സന്യാസസഭയിലെ ഒരു വിഭാഗത്തിേൻറത്. ബാഹ്യശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് സമരമെന്ന് പ്രചരിപ്പിക്കുന്നത് നീചമായ പ്രവൃത്തിയാണെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.