അതിജീവനപാതയിൽ ഗ്രാമങ്ങൾ

പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിനുള്ള പെടാപ്പാടിലാണ് ഗ്രാമവാസികൾ. ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് പ്രളയം വിതച്ചത്. കോട്ടപ്പുറം മാമ്പ്ര നാലുസ​െൻറ് കോളനി, പ്രിയദർശിനി കോളനി, കടുങ്ങല്ലൂർ മുപ്പത്തടം കീരപ്പിള്ളി കോളനി, മാഞ്ഞാലി മാട്ടുപുറം തുടങ്ങിയ പ്രദേശങ്ങളിൽ വൻ നാശമുണ്ടായി. ശക്തമായ ഒഴുക്കായതിനാൽ ഇടറോഡുകളിലും പുരയിടങ്ങളിലും മൺകൂനകളും വൻ ഗർത്തങ്ങളും രൂപപ്പെട്ടു. ദിവസങ്ങളുടെ ശ്രമഫലമായാണ് പലർക്കും വീടുകളിലേക്ക് തിരികെയെത്താൻ കഴിഞ്ഞത്. ഉടുവസ്ത്രങ്ങളോടെ വീടുകൾ വിട്ട് 15ന് അർധരാത്രിയും പുലർച്ചയുമായി ക്യാമ്പുകളിലെത്തിയ കുടുംബങ്ങൾ തിരികെയെത്തിയപ്പോൾ ഒന്നും ബാക്കിെവക്കാതെ ചളിമൂടിയ നിലയിലായിരുന്നു. പ്രളയം പ്രതീക്ഷകൾക്കും അപ്പുറത്തായതിനാൽ ഇരുനില വീടുകൾ ഉണ്ടായിരുന്നവർപോലും സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നില്ല. ഇരുചക്രവാഹനങ്ങളും കാറുകളുമടക്കം നശിച്ചു. പ്രളയജലം ഇറങ്ങി ഒരുമാസത്തോളമായെങ്കിലും പലരും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ഇതുവരെയുള്ള അധ്വാനഫലമായി സ്വരുക്കൂട്ടിയ സാധനസാമഗ്രികളും വസ്ത്രങ്ങളും മെത്തകളുമെല്ലാം വാരിക്കൂട്ടി സമീപത്തെ ഒഴിഞ്ഞ പറമ്പുകളിലും റോഡരികിലും കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എങ്ങും. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ശുചീകരണം പൂർത്തിയാകാത്തതിനാൽ ജോലിക്ക് പോകാനാകാത്ത അവസ്ഥ. പലരുടെയും വരുമാനം നിലച്ചു. പ്രളയശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ കോഴിക്കോട്, കണ്ണൂർ മേഖലയിൽനിന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തിയിരുന്നു. കുടിവെള്ള വിതരണവും അധികം വൈകാതെ സാധാരണനിലയിലായി. പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കുന്നുണ്ട്. കരുമാല്ലൂരിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ മരുന്നുകൾ എല്ലായിടത്തും എത്തിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. കിണറുകൾ വൃത്തിയാക്കി ക്ലോറിനേഷൻ നടത്താതെ ഉപയോഗിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ അറിയിക്കുന്നുണ്ട്. സന്നദ്ധസംഘടനകളും വ്യക്തികളും സൗജന്യമായി കിണർ ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു. കെ.എസ്. കലാധരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.