പ്രളയാനന്തരം നെടുമ്പാശ്ശേരി മേഖലയിൽ പ്രധാന പ്രശ്നം കുടിവെള്ള ലഭ്യതയുടെ കുറവ്. മേഖലയിൽ ബഹുഭൂരിപക്ഷവും കിണർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. മിക്കവാറും കിണറുകൾ ചളിക്കുണ്ടുകളായി. ക്ലോറിനേഷൻ നടത്തിയിട്ടും കിണർ വെള്ളം കുടിക്കാൻ എല്ലാവരും ഭയപ്പെടുന്നു. പലരും താൽക്കാലികമായി കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ്. പ്രളയജലം ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ഉറവയും കുറഞ്ഞുതുടങ്ങി. കിണറുകളിൽ വെള്ളവും താഴ്ന്നു. ചെങ്ങൽതോട് പരിസരവാസികളും ഏറെ ദുരിതം പേറുന്നുണ്ട്. നല്ല രീതിയിൽ ഒഴുകിയിരുന്ന തോട് മുറിഞ്ഞത് വിമാനത്താവള നിർമാണത്തെ തുടർന്നാണ്. റൺവേയിലേക്ക് വെള്ളം കയറിയതും ഈ തോട് മുറിഞ്ഞതുമൂലമാണ്. തോട് ശാസ്ത്രീയമായി പുനർനിർമിക്കാൻ വിമാനത്താവള കമ്പനി ഇപ്പോൾ പഠനം നടത്തുന്നുണ്ട്. പ്രളയം കഴിഞ്ഞപ്പോൾ ഇഴജന്തുക്കളുടെ സാന്നിധ്യം കൂടി. വനമേഖലയിൽനിന്നുള്ള ജീവികളും പ്രളയത്തിൽ നാട്ടിലേക്ക് എത്തിയിട്ടുണ്ട്. ഒച്ച്, അട്ട, ചീവീട് തുടങ്ങിയവയാണ് കൂടുതലായി കാണപ്പെടുന്നത്. പലയാവർത്തി ശുചീകരിച്ചിട്ടും വീടുകളിൽ ചളിയുടെ ദുർഗന്ധം പൂർണമായി മാറുന്നില്ല. മുറികൾ വീണ്ടും പെയിൻറ് ചെയ്യേണ്ട അവസ്ഥയിലാണ്. ബേബി കരുവേലിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.