കൊച്ചി: കന്യാസ്ത്രീകൾ ഇത്രയും കാലം മൗനമായി എല്ലാം സഹിക്കുകയായിരുന്നു, ഇനി പ്രതികരിക്കുകയല്ലാതെ വഴിയില്ലെന്ന് സിസ്റ്റർ ടീന ജോസ്. സഭയിലെ ബിഷപ്പുമാരോ മെത്രാൻമാരോ അരുതാത്ത എന്ത് കാര്യങ്ങൾ ചെയ്താലും കന്യാസ്ത്രീകൾ പ്രതികരിക്കാൻ പാടില്ലെന്നാണ് പണ്ടുമുതേലയുള്ള കീഴ്വഴക്കം. ഇനി ആരെങ്കിലും പ്രതികരിക്കാൻ ശ്രമിച്ചാൽ അവർ ഒറ്റപ്പെട്ടുപോകും. അതിർവരമ്പ് വിടുമ്പോൾ മാത്രമാണ് കന്യാസ്ത്രീകൾ പ്രതികരിക്കുന്നതെന്നും ഇവർ 'മാധ്യമ'ത്തോട് പറഞ്ഞു. കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയതായിരുന്നു അഭിഭാഷക കൂടിയായ സിസ്റ്റർ ടീന. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ഇതും ഒതുക്കി തീർക്കാനാണ് സഭ അധികാരികൾ ശ്രമിക്കുന്നത്. ഇതിനുവേണ്ടി രാഷ്ട്രീയക്കാരെയാണ് കൂട്ടുപിടിക്കുന്നത്. എങ്കിൽ മാത്രമേ അവർക്ക് രക്ഷപ്പെടാൻ സാധിക്കൂ. കേസ് തേച്ച് മായ്ച്ച് കളയാൻ ഏതറ്റം വരെ പോകാനും ഇവർ മടിക്കില്ല. അതിനുള്ള മനുഷ്യശക്തിയും സാമ്പത്തിക ശക്തിയും അവർക്കുണ്ട്. കോടികളുടെ ആസ്തിയാണ് ബിഷപ് ഫ്രാങ്കോക്കുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ പോലും നിസ്സഹായരാകുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ മേലധികാരികളിൽ നിന്നുള്ള വിലക്കുകൾ ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായുണ്ട്. ഇല്ലെങ്കിൽ പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും ബിഷപ് സ്വതന്ത്രനായി നടക്കില്ലായിരുന്നു. ഇത്തരത്തിൽ സമരം നടത്തുന്നതിനോട് സന്ന്യാസി സമൂഹത്തിനിടയിൽ തന്നെ എതിർപ്പുണ്ട്. ഇതൊന്നും പാടില്ലെന്ന നിലപാടാണ് ഭൂരിപക്ഷം പേർക്കും. ഇനി അഥവാ മറിച്ചാണ് അഭിപ്രായമെങ്കിൽ പോലും പേടിച്ചിട്ട് പുറത്തുപറയാൻ മടിക്കുകയാണ്. മറ്റൊരു സന്ന്യാസിനി സമൂഹത്തിലെ അംഗമായ ഞാൻ ഈ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയതിന് മുറുമുറുക്കുന്നവരുണ്ട്. സഭയിലെ അനീതികൾക്കെതിരെ കലഹമുണ്ടാക്കിയതിെൻറ പേരിൽ വ്യക്തിപരമായി ഒരുപാട് അനുഭവിച്ചിട്ടുള്ളവളാണ് ഞാൻ. എത്രത്തോളം സഹികെട്ടിട്ടായിരിക്കും ഈ കന്യാസ്ത്രീകൾ തെരുവിലേക്കിറങ്ങിയിട്ടുണ്ടാകുക എന്ന് എല്ലാവരും ചിന്തിക്കണം. കന്യാസ്ത്രീക്ക് നീതി കിട്ടുന്നത് വരെ ഈ പോരാട്ടത്തിൽ മുന്നിലുണ്ടാകുമെന്നും ടീന ജോസ് പറഞ്ഞു. പി.ലിസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.