ആലപ്പുഴ: പ്രളയത്തെ തുടർന്ന് കുത്തിയൊലിച്ച് കുതിച്ചുപാഞ്ഞ പുഴകളും തോടുകളും ഏതാനും ദിവസത്തെ കൊടും വെയിലിൽ വറ്റിവരണ്ടു. പ്രധാന പുഴകളിലും കനാലുകളിലും തോടുകളിലും എല്ലാം വേനൽക്കാലത്തേതിന് സമാനമായ കാഴ്ചയാണ്. പ്രളയം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ പുഴകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ, നിലവിൽ ഒരു പ്രളയം കഴിഞ്ഞ പ്രദേശങ്ങളാണിതെന്ന് കണ്ടാൽ പറയാത്ത വിധം വരണ്ടുണങ്ങിയ കാഴ്ചകളാണ് എങ്ങും. ആലപ്പുഴയിലെ തന്നെ വെള്ളത്തിൽ മുങ്ങിയ എല്ലാ സ്ഥലങ്ങളും ഇപ്പോൾ വരണ്ടുണങ്ങിക്കിടക്കുകയാണ്. വേമ്പനാട്ട് കായലിൽ അടക്കം ഇൗ പ്രതിഭാസം കാണാനാകും. കിണറുകളിൽ അടക്കം വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. പ്രധാന കൃഷിയിടങ്ങളും വരണ്ട് വിണ്ടുകീറിയ അവസ്ഥയിലാണ്. കായലിലെ അടിത്തട്ട് കാണുന്ന വിധം െവള്ളം കുറഞ്ഞ സ്ഥലങ്ങളുണ്ട്. ജില്ലയിലെ പ്രമുഖ ജലാശയങ്ങളിലെല്ലാം ആറ് അടിയോളം വെള്ളം താഴ്ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് വരെ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്ന പമ്പ നദി വരെ നേർത്തുമെലിഞ്ഞാണ് ഇപ്പോൾ ഒഴുകുന്നത്. ജലവിതാനം അത്രത്തോളം താഴ്ന്നു. ജില്ലയിലെ പ്രധാന കനാലുകളായ ടി.എ കനാൽ, വാടക്കനാൽ എന്നിവയും ജലവിതാനം താഴ്ന്നാണ് ഒഴുകുന്നത്. ഒരാഴ്ച മുമ്പുവരെ ജനങ്ങളെ ആശങ്കയിലാക്കി നിറഞ്ഞ് ഒഴുകിയിരുന്ന ടി.എ കനാൽ ഇപ്പോൾ വരണ്ട അവസ്ഥയിലാണ്. കനാലിന് സമീപത്തെ പാടങ്ങൾ അടക്കം വെള്ളം വറ്റി വരണ്ട് കീറിക്കിടക്കുന്ന കാഴ്ചകളാണ് എങ്ങും. വാടക്കനാലിൽ വെള്ളം വറ്റി ചെളിക്കുണ്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ജലഗതാഗതം പോലും സാധ്യമാകാത്ത തരത്തിൽ വെള്ളം വറ്റി. കായലിനോട് ചേർന്ന ജെട്ടിയിൽനിന്നാണ് ഇപ്പോൾ ബോട്ടുകളുടെ സഞ്ചാരം. അച്ചൻ കോവിൽ ആറ്റിലും ഇതുതന്നെയാണ് അവസ്ഥ. ഇരുകരയും കവിഞ്ഞ് ഒഴുകിയിരുന്ന അച്ചൻകോവിൽ വരൾച്ചാഭീതിയിലാണ് നിലവിൽ. ജില്ലയിലെ തീരപ്രദേശങ്ങളിലെ തോടുകൾക്ക് പ്രളയകാലത്തും വലിയ ചലനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഒരാഴ്ചയായി ഉള്ള കടുത്ത ചൂടിൽ തോടുകളും വരണ്ടുണങ്ങി. കരുവാറ്റ, വീയപുരം, ചെങ്ങന്നൂർ അടക്കമുള്ള ഇടത്തോടുകളുെടയും അവസ്ഥ മറിച്ചല്ല. ഞായറാഴ്ച ആലപ്പുഴ ബീച്ച് ഭാഗത്ത് കടൽ ഉൾവലിയുന്ന അവസ്ഥയും ഉണ്ടായി. 50 മീറ്ററോളം കടൽ ഉള്ളിലേക്ക് പിൻമാറിയിട്ടുണ്ട്. വേനൽകാലമല്ലാതിരുന്നിട്ടും ജലാശയങ്ങൾ പ്രളയത്തിന് െതാട്ടുപിറകെ ഇങ്ങനെ വരണ്ടുണങ്ങുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.