നെടുമ്പാശ്ശേരി: പ്രളയത്തിൽ തകർന്ന ആശുപത്രികളും മറ്റും പുനർനിർമിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നദ്ദ. പ്രളയത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടങ്ങൾ വിലയിരുത്തുന്നതിനും മറ്റും നെടുമ്പാശ്ശേരിയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിടങ്ങളും മെഷീനുകളും നഷ്ടമായവ പുനഃസൃഷ്ടിക്കുന്നതു സംബന്ധിച്ച പഠനങ്ങൾക്കായി കേന്ദ്ര ആരോഗ്യ മിഷെൻറ വിദഗ്ധ സംഘം ഉടൻ കേരളം സന്ദർശിക്കും. സംസ്ഥാന അധികൃതരുമായി ചർച്ച നടത്തി നഷ്ടം എത്രത്തോളമുണ്ടെന്ന് വിലയിരുത്തും. സംഘത്തിെൻറ റിപ്പോർട്ട് ലഭിച്ചാലുടൻ സഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. നിപ രോഗത്തെ കേരളം പ്രതിരോധിച്ചത് ലോകത്തിന് മാതൃകയാകുന്ന തരത്തിലാണ്. പ്രളയത്തെത്തുടർന്നുള്ള ആരോഗ്യ വിഷയങ്ങളും സംസ്ഥാനം യുദ്ധസമാനമായ രീതിയിൽ കൈകാര്യം ചെയ്തതും മാതൃകയാണ്. പ്രളയദുരിതം നേരിടാൻ കേന്ദ്രം സംസ്ഥാനത്തെ കാര്യമായി സഹായിച്ചു. ആരോഗ്യവകുപ്പ് സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള മരുന്നുകളും മറ്റു വസ്തുക്കളും നൽകി. ഡോക്ടർമാരുടെ സംഘത്തെയും അയച്ചു. കുറേനാൾ കൂടി ഇവർ സംസ്ഥാനത്ത് തുടരും. പ്രളയത്തെ തുടർന്നുള്ള മാനസികാഘാതം നേരിടാൻ നിംഹാൻസിൽ നിന്നുള്ള വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. അവർ ഇവിടെ സമാന മേഖലയിലുള്ള ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും എല്ലാ ഭാഗത്തും കൗൺസലിങ്ങിനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. കേരളത്തിലേക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ടെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അയക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സിൻഹ, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഡയറക്ടർ ഡോ.സരിത, ആരോഗ്യമിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, കലക്ടർ മുഹമ്മദ് സഫീറുല്ല തുടങ്ങിയവരും ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും അവലോകനയോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.