ഷാജി മരണവിവരം നാട്ടിലറിയിക്കാൻ തുടങ്ങിയിട്ട്​ 18 വർഷം

ചാരുംമൂട്: 'പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പരേത​െൻറ സംസ്കാരം വീട്ടുവളപ്പിൽ വൈകീട്ട് മൂന്നുമണിക്ക് നടത്തും.......' -നൂറനാട് പാലമേൽ വില്ലേജുകളിലെ ഗ്രാമവീഥികളിൽ ഒട്ടുമിക്ക ദിവസവും മുഴങ്ങി കേൾക്കുന്ന ശബ്ദമാണിത്. 18 വർഷത്തിലധികമായി ആര് മരിച്ചാലും നാട്ടുകാരെ അറിയിക്കുന്ന വ്യക്തിയാണ് നൂറനാട് പണയിൽ ഷാജിഭവനത്തിൽ എസ്. ഷാജി. ഈ പ്രദേശത്തെ ഏത് വീട്ടിൽ മരണം നടന്നാലും വീട്ടുകാർ ആദ്യം തിരക്കുന്നത് ഷാജിയെയാണ്. വിവരമറിയിച്ചാൽ ഉടൻ ജീപ്പിൽ മൈക്ക് കെട്ടി മുന്നിലൊരു കറുത്ത കൊടിയും സ്ഥാപിച്ച് ത​െൻറ ശബ്ദത്തിലൂടെ ആ ദുഃഖവാർത്ത നാട്ടുകാരെ അറിയിക്കാൻ അപ്പോൾതന്നെ ഷാജി എത്തിയിരിക്കും. 30 വർഷമായി നൂറനാട് ജങ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഷാജി. ആദ്യകാലങ്ങളിൽ നൂറനാട്, അടൂർ എന്നിവിടങ്ങളിലെ സിനിമാശാലകളിലെ അനൗൺസറായിരുന്നു. ത​െൻറ ശബ്ദത്തിലൂടെ ചലച്ചിത്ര കാഴ്ചയുടെ ഭാവതീവ്രതകൾ കേൾവിക്കാരിലെത്തിക്കാൻ കഴിഞ്ഞിരുന്നു. തിയറ്ററിലെ അനൗൺസ്മ​െൻറ് പരസ്യം നിന്നതോടെ ഷാജി ഓട്ടോ ഓടിക്കുന്ന ജോലിയിലേക്ക് മാത്രമായി ഒതുങ്ങി. തുടർന്ന് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി മരണവാർത്ത അറിയിക്കുന്ന വാഹനത്തിൽ കയറിയത്. അന്ന് തുടങ്ങിയ സേവനം ഇപ്പോഴും തുടരുന്നു. അറിയിച്ച മരണങ്ങളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കാറില്ലെങ്കിലും രണ്ടായിരത്തിന് മുകളിൽ ഉണ്ടാകുമെന്ന് ഷാജി പറയുന്നു. ആദ്യകാലങ്ങളിൽ പണം വാങ്ങാതെയായിരുന്നു സേവനം. ആരോടും ചോദിച്ചുവാങ്ങാറില്ല. മരണം അറിയിപ്പിന് പോകുന്ന ദിവസം ഓട്ടോ ഓടിക്കാൻ കഴിയില്ല. അതിനാൽ വീട്ടുകാർ മനസ്സറിഞ്ഞ് തരുന്ന പൈസ വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: സുജാത. വിദ്യാർഥികളായ ചിത്ര ഷാജിയും ചിഞ്ചു ഷാജിയും മക്കളാണ്. പണയിൽ എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻറുകൂടിയാണ് ഷാജി. -വള്ളികുന്നം പ്രഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.