പ്രളയം: തമിഴ്​നാടി​െൻറ പങ്കാളിത്തം ആരോപിക്കുന്ന ഹരജികൾ തള്ളി

കൊച്ചി: മുന്നറിയിപ്പില്ലാതെ അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ട സംഭവത്തിൽ തമിഴ്‌നാട് സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിക്കുന്ന ഹരജികൾ ഹൈകോടതി തള്ളി. മനുഷ്യനിർമിത ദുരന്തത്തിന് സംസ്ഥാന സർക്കാറിനൊപ്പം തമിഴ്നാടിനും പങ്കാളിത്തമുണ്ടെന്നും നഷ്ടപരിഹാരം തമിഴ്നാടിനോടുകൂടി ഇൗടാക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ വിതയത്തില്‍ കുഞ്ഞുപൗലോ വര്‍ഗീസ്, സാജു എന്നിവരും എല്‍സ വര്‍ഗീസ് വിതയത്തിലും സമര്‍പ്പിച്ച രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. തമിഴ്‌നാട് സര്‍ക്കാറിനെക്കൂടി കക്ഷി ചേർത്താൽ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കേസായി മാറുമെന്നും ഹൈകോടതിക്ക് ഇത് പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹരജികൾ തള്ളിയത്. ഹരജി ഭേദഗതി ചെയ്താല്‍ വാദം കേള്‍ക്കാമെന്നും അല്ലാത്തപക്ഷം സുപ്രീം കോടതിയെ സമീപിക്കണമെന്നും കോടതി കഴിഞ്ഞദിവസം ഹരജിക്കാരെ ധരിപ്പിച്ചിരുന്നു. ആവശ്യെമങ്കിൽ ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും നിർദേശിച്ചു. എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ഭേദഗതിക്ക് ഹരജിക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഹരജികൾ തള്ളിയത്. പ്രളയംമൂലം ജീവനും സ്വത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇരുസര്‍ക്കാറും നഷ്ടപരിഹാരം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച 1970ലെ കരാര്‍ ഭേദഗതി റദ്ദാക്കണം, ജലം നിയന്ത്രിക്കാന്‍ ഇരുസര്‍ക്കാറും ചേര്‍ന്നുള്ള സംവിധാനം രൂപവത്കരിക്കണം, ദുരന്തം മനുഷ്യനിർമിതമെന്ന് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.