ആലപ്പുഴ: പ്രളയം കവർന്ന വീടുകളിൽ അജൈവ മാലിന്യം കുന്നുകൂടുകയാണ്. മെത്തകളും തലയിണകളും വൈദ്യുതി ഉപകരണങ്ങളും റോഡരികിൽ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. കുട്ടനാട്, ചെങ്ങന്നൂർ മേഖലയിലാണ് ഗുരുതര പ്രശ്‌നം. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സർക്കാർ. പ്രളയ ബാധിത പ്രദേശങ്ങളിൽ ആരോഗ്യ ജാഗ്രതയുടെ ഭാഗമായ സന്നദ്ധപ്രവർത്തകർ ഇനിമുതൽ വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കും. ജില്ലയിൽ ക്ലീൻ കേരള കമ്പനിയാണ് അജൈവ മാലിന്യം ശേഖരിക്കുന്നത്. ശുചിത്വ കേരള മിഷെൻറ സഹകരണത്തോടെ ഹരിത കേരള മിഷനാണ് ഇതിന് നേതൃത്വം നൽകുന്നത്. പ്രളയത്തിൽ നശിച്ച മെത്തകൾ, സോഫ്റ്റ് വുഡ്, ടി.വി, ഫ്രിഡ്ജ്, മറ്റു ഇലക്ട്രിക് മാലിന്യം, റീസൈക്കിൾ ചെയ്യാവുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക് മാലിന്യം, ഗ്ലാസ്, ലോഹമാലിന്യം എന്നിങ്ങനെ പ്രത്യേകം പ്രത്യേകം തരംതിരിച്ചാണ് ശേഖരണം. കഴുകി വൃത്തിയാക്കിയാണ് അജൈവ മാലിന്യം നൽകേണ്ടത്. ഹരിത കർമസേന, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പ്രളയബാധിത പഞ്ചായത്തുകളിലെ വീടുകളിലെത്തി ഇവ ശേഖരിക്കും. വാർഡ് തലത്തിൽ ആദ്യം ശേഖരിക്കുന്ന അജൈവ മാലിന്യം പിന്നീട് പഞ്ചായത്ത് തലത്തിൽ ശേഖരിക്കും. അവിടെനിന്ന് ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. ഇത് പിന്നീട് അജൈവ മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന യൂനിറ്റുകൾക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കിയവ സംസ്‌കരിക്കാൻ അംഗീകൃത യൂനിറ്റുകളെ ഏൽപ്പിക്കും. അധികം വൃത്തിയാക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമാണത്തിന് ഉപയോഗപ്പെടുത്തും. വ്യാഴാഴ്ച മുതലാണ് പഞ്ചായത്ത് തലത്തിൽ അജൈവ മാലിന്യം ശേഖരിച്ചുതുടങ്ങുക. ഇതിനുവേണ്ട മാർഗനിർദേശം പഞ്ചായത്ത് തലത്തിൽ നൽകിക്കഴിഞ്ഞു. അജൈവ മാലിന്യം ശുചിയാക്കി ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന പ്രവൃത്തിക്ക് താൽപര്യമുള്ളവർക്ക് ശുചിത്വ മിഷനൊപ്പം ചേർന്ന് സന്നദ്ധ പ്രവർത്തനം നടത്താം. ഫോൺ: 0477-2253020. ഇ-മെയിൽ: tscalappuzha@gmail.com. വിശ്വകർമ ദിനാഘോഷം ആർഭാടരഹിതമാകും ചേർത്തല: അഖില കേരള വിശ്വകർമ മഹാസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഋഷിപഞ്ചമിയും വിശ്വകർമദിനവും ആർഭാടങ്ങളില്ലാതെ ചെലവ് ചുരുക്കാനും ഇത്തരത്തിൽ മിച്ചംപിടിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും മരുത്തോർവട്ടം ശാഖ തീരുമാനിച്ചു. പ്രസിഡൻറ് പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ പ്രസിഡൻറ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജയ രാധാകൃഷ്ണൻ, പട്ടണക്കാട് ബാബു, സൂരജ് ചന്ദ്രൻ, സരസമ്മ, അംബുജം, ഷീല ചന്ദ്രൻ, ഗീത മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.