ക്യാ​മ്പ്​ ഒഴിഞ്ഞു, ആളുകൾ പോയി; എന്തുചെയ്യണമെന്നറിയാതെ പ്രഭാകരനും ഭാര്യയും

ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്കായുള്ള ക്യാമ്പ് കഴിഞ്ഞ 23ന് അവസാനിച്ചെങ്കിലും ബുധനൂർ പെരിങ്ങിലിപ്പുറം കരുപ്പന്തലിൽ വീട്ടിൽ 69കാരനായ പ്രഭാകരനും ഭാര്യയും ഇപ്പോഴും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കഴിയുകയാണ്. ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കൂടാതെ, ഭക്ഷണം പാചകം ചെയ്യാൻ വാടകക്ക് എടുത്തിരുന്ന ഗ്യാസ് സ്റ്റൗ തിരികെ കൊണ്ടുപോയതോടെ ഒന്നും കഴിക്കാൻപോലും ഇല്ലാത്ത സ്ഥിതി. ശരീരം തളർന്ന ഭാര്യ പദ്മാക്ഷിയെ (68) സുരക്ഷിതമായി പാർപ്പിക്കാനുള്ള ഒരിടമില്ലാതെ മാനസിക സംഘർഷത്തിലാണ് പ്രഭാകരൻ. ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ 42 വർഷം ഫാബ്രിക്കേഷൻ ജോലികളിൽ ഏർപ്പെട്ടിരുന്ന പ്രഭാകരനോടൊപ്പമായിരുന്നു ഭാര്യയും. രോഗങ്ങൾക്കടിപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി. പാടശേഖരത്തിനോട് ചേർന്ന കരഭൂമിയിലെ കുടുംബവീട്ടിലായിരുന്നു താമസം. സഹോദരങ്ങൾ ഇത് ഭാഗംവെക്കാൻ തയാറായില്ല. ഇതോടെ പഴയകാലത്തെ വെട്ടുകല്ലിൽ കെട്ടിപ്പൊക്കി ഓടും ഷീറ്റും പാകിയ മേൽക്കൂരയുള്ള കെട്ടിടത്തി​െൻറ അറ്റകുറ്റപ്പണിപോലും നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്താൻ തൊട്ടടുത്ത് താമസിക്കുന്ന സഹോദരങ്ങളാരും സമ്മതിച്ചില്ല. കൂനിന്മേൽ കുരുവെന്നപോലെ കഴിഞ്ഞ 16ന് വീട്ടിനുള്ളിൽ അരയറ്റം വെള്ളം കയറി. കട്ടിലോടെ ചുമന്നാണ് ഭാര്യയെ ക്യാമ്പിലെത്തിച്ചത്. ഭിത്തിയും മേൽക്കൂരയും ഈർപ്പം മൂലം ഇളകി. വൃത്തിയാക്കിയ മുറിയിൽ ഷീറ്റും ഓടും മുകളിൽനിന്ന് അടർന്നുവീഴാൻ തുടങ്ങിയതോടെ ആ ശ്രമവും ഉപേക്ഷിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുകൂടിയായ അഞ്ചാം വാർഡ് മെംബർ പുഷ്പലത മധുവി​െൻറ തുണയിലാണ് കമ്യൂണിറ്റി ഹാളിലെ താമസം. എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്ന ധർമസങ്കടത്തിലാണ് ‍ഇരുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.