കൊച്ചി: രോഗികൾ ആവശ്യപ്പെട്ടാൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊബൈൽ നമ്പറും മെയിൽ ഐഡിയും ആശുപത്രി അധികൃതർ നൽകണമെന്ന സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിനുള്ള സ്റ്റേ ഹൈകോടതി മൂന്നു മാസത്തേക്ക് നീട്ടി. മേയ് 31ന് കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഐ.എം.എ കേരള ഘടകം നൽകിയ ഹരജിയിൽ ഉത്തരവ് നടപ്പാക്കുന്നത് രണ്ടു മാസത്തേക്ക് തടഞ്ഞ് ജൂലൈ നാലിന് കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി സ്റ്റേ കാലാവധി നീട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊബൈൽ നമ്പർ രോഗികൾ ആവശ്യപ്പെട്ടാൽ നൽകാൻ സ്വകാര്യ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നായിരുന്നു കമീഷെൻറ ഉത്തരവ്. ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കണം. മൊബൈൽ നമ്പറും മെയിൽ ഐ.ഡിയും നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ പറയുന്ന സേവന വീഴ്ചയായി കാണേണ്ടി വരുമെന്നും കമീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെയോ ഡോക്ടർമാരുടെയോ വാദം കേട്ടിട്ടില്ലെന്നും വ്യക്തിഗത ഉപഭോക്തൃ വിഷയങ്ങൾ പരിഗണിക്കാൻ അധികാരപ്പെട്ട കമീഷൻ അധികാര പരിധി ലംഘിച്ചാണ് ഉത്തരവിറക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.