ജില്ലഭരണകൂടം തയാറാക്കിയത് രണ്ടേകാല്‍ ലക്ഷം കിറ്റുകള്‍

കാക്കനാട്: 15 ദിവസത്തെ പ്രയത്നത്തിനൊടുവില്‍ പ്രളയ ദുരന്തബാധിതര്‍ക്കായി ജില്ല ഭരണകൂടം വിതരണത്തിന് തയാറാക്കിയ ത് രണ്ടേകാല്‍ ലക്ഷം കിറ്റുകള്‍. അരി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര തുടങ്ങി വിവിധ അവശ്യ വസ്തുക്കള്‍ അടങ്ങിയ കുടുംബത്തിനുള്ള കിറ്റുകള്‍ ജനകീയ പിന്തുണയോടെയാണ് തയാറാക്കിയത്. കോളജ് വിദ്യാർഥികള്‍, റിട്ട. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നാനാതുറകളിലുള്ളവർ സഹായത്തിനെത്തി. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അവശ്യസാധനങ്ങള്‍ തരംതിരിച്ച് കിറ്റുകളിലാക്കാൻ കിറ്റ് നിർമാണ കേന്ദ്രങ്ങളില്‍ പ്രതിദിനം 1500ഓളം സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കാളികളായി. സംസ്ഥാനത്താകെ തയാറാക്കിയ കിറ്റുകളുടെ എണ്ണത്തോട് കിടപിടിക്കുന്നതാണ് ജില്ലയിലെ മാത്രം കിറ്റുകളുടെ എണ്ണം. രണ്ട് ഷിഫ്റ്റുകളിലായാണ് ജില്ലയിലെ നാല് കിറ്റ് നിർമാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിരുന്നത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയും. മൂന്ന് മുതല്‍ രാത്രി എട്ട് വരെയും. എന്നാല്‍, വിവിധ താലൂക്കുകളിലേക്ക് ആവശ്യമായവ തയാറാക്കിയശേഷം മാത്രമാണ് എല്ലാ കേന്ദ്രങ്ങളും പിരിഞ്ഞിരുന്നത്. ഇത് പലപ്പോഴും അര്‍ധരാത്രി വരെ നീളും. ഒരവസരത്തില്‍ കലക്ടറേറ്റില്‍ പൊലീസ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പുലര്‍ച്ച രണ്ട് വരെ കിറ്റ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. മലപ്പുറത്ത് നിന്നുള്ള മലബാര്‍ സ്പെഷല്‍ പൊലീസും, പാലക്കാട്ട് നിന്നുള്ള കെ.എ.പി സേനാംഗങ്ങളുമാണ് കിറ്റ് നിർമാണത്തില്‍ റെക്കോഡിട്ടത്. തൃക്കാക്കര കമ്യൂണിറ്റി ഹാള്‍, കെ.ബി.പി.എസ്, കളമശ്ശേരി, കലക്ടറേറ്റ് എന്നിവിടങ്ങളിലായാണ് കിറ്റുകള്‍ തയാറാക്കിയത്. കളമശ്ശേരിയിലെ കിറ്റ് നിർമാണം പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരാണ് നിര്‍വഹിച്ചത്. സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കാക്കനാട് വില്ലേജ് ഓഫിസിലായിരുന്നു. ഇതിന് പുറമേ ഐ.ടി മിഷ​െൻറ വെബ് സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തവരും സേവനത്തിനെത്തി. വീട്ടമ്മമാരും, റിട്ടയേഡ് ഉദ്യോഗസ്ഥരും, ഐ.ടി ജീവനക്കാരും രാത്രി കിറ്റ് തയാറാക്കാൻ എത്തിയെന്ന് വളൻറിയര്‍മാരുടെ ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫിസര്‍ ബീന പി. ആനന്ദ് പറഞ്ഞു. ദുരന്തബാധിതര്‍ക്കായുള്ള അവശ്യ സാധനങ്ങളുടെ ഒന്നാം ഘട്ട വിതരണമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ഇനിയുള്ള വിതരണം അതത് താലൂക്കുകള്‍ കേന്ദ്രീകരിച്ചായിരിക്കും. ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ലയുടെ സജീവസാന്നിധ്യത്തിന് പുറമെ അഡീ. ജില്ല മജിസ്ട്രേറ്റ് എം.കെ. കബീറും െഡപ്യൂട്ടി കലക്ടര്‍മാരും സംരംഭത്തി​െൻറ അമരക്കാരായി. പവര്‍ഗ്രിഡ് സ്ഥലമെടുപ്പി​െൻറ ചുമതലയുള്ള തഹസില്‍ദാര്‍ മനോജ് കുമാര്‍, കലക്ടറേറ്റിലെ ഉദ്യോഗസ്ഥരായ റോണി ഫെലിക്സ്, ജയ് ജേക്കബ് എന്നിവരാണ് താലൂക്കുകളിലേക്കുള്ള കിറ്റ് നീക്കത്തിന് ചുമതല നിര്‍വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.