കൊച്ചി: പ്രളയത്തിൽ സംസ്ഥാനത്തെ കൂട് മത്സ്യകൃഷി മേഖലക്ക് വൻ നഷ്ടം. ഏഴുകോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഒാണം സീസണിൽ വിളവെടുക്കേണ്ട മത്സ്യങ്ങൾ ഏതാണ്ട് പൂർണമായി നശിച്ചു. ഇതോടെ, വായ്പയെടുത്ത് കൃഷി ചെയ്തവരടക്കം കടുത്ത പ്രതിസന്ധിയിലാണ്. എറണാകുളം, തൃശൂർ ജില്ലകളിലെ കായലുകളും ശുദ്ധജല തടാകങ്ങളും ഉൾപ്പെടെ ജലാശയങ്ങളിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. താരതമ്യേന കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം എന്നതായിരുന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിെൻറ (സി.എം.എഫ്.ആർ.െഎ) സാേങ്കതിക സഹായത്തോടെ ആരംഭിച്ച കൂട് മത്സ്യകൃഷിയുടെ ആകർഷണം. എറണാകുളം ജില്ലയിൽ പെരിയാർ നദി, ഞാറക്കൽ, മൂത്തകുന്നം, തൃപ്പൂണിത്തുറ, കോട്ടപ്പുറം കായൽ, എടവനക്കാട്, വൈപ്പിൻ എന്നിവിടങ്ങളിലും തൃശൂർ ജില്ലയിലെ കയ്പമംഗലം, പെരിഞ്ഞനം, ചേറ്റുവ, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിലും കർഷകർ ഒറ്റക്കും കൂട്ടായും കൂട് മത്സ്യകൃഷി നടത്തിയിരുന്നു. കരിമീൻ, കാളാഞ്ചി, ചെമ്പല്ലി, വറ്റ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്തത്. ഒാണം സീസണിൽ വിളവെടുക്കാൻ ലക്ഷ്യമിട്ട മത്സ്യങ്ങൾ പ്രളയത്തിൽ ചത്തൊടുങ്ങി. ഇതോടൊപ്പം കൂടും വലയും വ്യാപകമായി നശിച്ചു. കർഷകർക്ക് കൂടും വലയും ലഭ്യമാക്കണമെന്ന നിർദേശം കേന്ദ്ര കാർഷികഗവേഷണ കൗൺസിലിന് സമർപ്പിച്ചിട്ടുണ്ടെന്ന് സി.എം.എഫ്.ആർ.െഎയിലെ മാരികൾചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ് പറഞ്ഞു. വലയും അനുബന്ധ സംവിധാനങ്ങളുമെല്ലാമായി ഒരുകൂട് തയാറാക്കാൻ 55,000-65,000 രൂപയാണ് ചെലവ്. മുൻവർഷങ്ങളിൽ ആറേഴ് മാസത്തിനുശേഷമുള്ള വിളവെടുപ്പിൽ ചെറിയ കൂടുകളിൽനിന്നുപോലും നാലുലക്ഷം രൂപവരെ വരുമാനമുണ്ടായിരുന്നു. കൂടുതൽ വിളവും മെച്ചപ്പെട്ട വിലയും പ്രതീക്ഷിച്ചിരിക്കെയാണ് പ്രളയം തിരിച്ചടിയായത്. എറണാകുളം, തൃശൂർ ജില്ലകളിൽ നാനൂറോളം കർഷകർ കൂട് മത്സ്യകൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും ചെറിയ തോതിൽ കൂട് മത്സ്യകൃഷിയുണ്ട്. ഇവിടങ്ങളിലെ നഷ്ടം കണക്കാക്കുന്നതേയുള്ളൂ. പ്രളയത്തിൽ കിടപ്പാടവും കൂടും വലയുമെല്ലാം നഷ്ടപ്പെട്ടവർ കൃഷി ഉടൻ പുനരാരംഭിക്കാനാവാത്ത അവസ്ഥയിലാണ്. ഇൻഷുറൻസുപോലുമില്ലാത്ത ഇവർക്ക് സർക്കാർ സഹായത്തിലാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.