രണ്ടുമാസത്തെ പ്രളയാവധി; കുട്ടനാട്ടിലെ വിദ്യാർഥികൾ വീണ്ടും സ്​കൂളിൽ

കുട്ടനാട്: തുടർച്ചയായ രണ്ടുമാസത്തെ പ്രളയാവധിക്കുശേഷം കുട്ടനാട്ടിലെ വിദ്യാർഥികൾ വീണ്ടും സ്‌കൂളുകളിലെത്തി. എന്നാൽ, ഹാജർനിലയും അധ്യയനവും പഴയരീതിയിലെത്തിയിട്ടില്ല. കുട്ടനാടി​െൻറ ചിലപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളമിറങ്ങാത്തതും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമാണ് അധ്യയനത്തിന് തടസ്സമായത്. 12 ഗ്രാമപഞ്ചായത്തുകളടങ്ങുന്ന കുട്ടനാട് താലൂക്കിൽ മൂന്നുവിദ്യാഭ്യാസ ഉപജില്ലകളിലായി 116 സ്‌കൂളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച 50 ശതമാനം മാത്രമായിരുന്നു ഹാജർനില. ഉപജില്ലയിൽ ഉൾപ്പെടുന്ന കൈനകരി പ്രദേശം ഇപ്പോഴും പൂർണമായും പ്രളയമുക്തമാകാത്തതാണ് ഹാജർ കുറയാൻ കാരണമായത്. എങ്കിലും കൈനകരിയിലെ ഹയർ സെക്കൻഡറി സ്‌കൂളുകൾ താൽക്കാലിക സംവിധാനത്തിൽ പ്രവർത്തിച്ചു. തലവടി ഉപജില്ലയിൽ 70 ശതമാനം വിദ്യാർഥികൾ മാത്രമാണ് സ്‌കൂളുകളിലെത്തിയത്. വെളിയനാട് ഉപജില്ലയിൽ മുഴുവൻ സ്‌കൂളും പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. ചമ്പക്കുളം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളമിറങ്ങാത്ത നെടുമുടി പ്രദേശത്തെ നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും സ്‌കൂളി​െൻറ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ല. തുടർച്ചയായ 49 ദിവസത്തിനുശേഷമാണ് ഭൂരിഭാഗം സ്‌കൂളിലും ക്ലാസ് ആരംഭിച്ചത്. ഉയർന്ന പ്രദേശങ്ങളായ ചില ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് ഇതിനിടെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ സ്‌കൂളുകൾ പ്രവർത്തിച്ചത്. മുമ്പ് ജൂണിലും വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരാഴ്ചയോളം അധ്യയനം മുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.